മൊബൈൽ ഫോണുകൾ വായ്പയെടുത്ത് വാങ്ങി കൃത്യമായി ഇഎംഐ അടയ്ക്കാത്തവർക്കെതിരെ കർശന നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുത്ത് വാങ്ങിയ ഫോണുകളുടെ തിരിച്ചടവ് മുടങ്ങിയാൽ, ആ ഫോണിന്റെ പ്രവർത്തനങ്ങൾ ഭാഗികമായി തടയാൻ ബാങ്കുകൾക്ക് അനുമതി നൽകുന്നതാണ് ആർബിഐയുടെ പുതിയ കരട് നിർദ്ദേശം. ചില ഫിൻടെക് കമ്പനികൾ നിലവിൽ ചെയ്യുന്ന ഈ രീതി കൂടുതൽ സുതാര്യവും ഔദ്യോഗികവുമാക്കാനാണ് ആർബിഐ ശ്രമിക്കുന്നത്. 2026 ഒക്ടോബർ 1 മുതൽ ഈ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായ്പ തുക കൊണ്ട് തന്നെയാണ് ഫോൺ വാങ്ങിയതെന്ന് ഉറപ്പുവരുത്തിയ ശേഷമേ ബാങ്കുകൾക്ക് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. ഇഎംഐ മുടങ്ങിയ ഉടനെ ഫോൺ ലോക്ക് ചെയ്യാൻ കഴിയില്ല. അടവ് മുടങ്ങി 90 ദിവസത്തിന് ശേഷവും കൃത്യമായ നോട്ടീസുകൾ നൽകിയ ശേഷവും മാത്രമേ നിയന്ത്രണം ഏർപ്പെടുത്താനാകൂ. വായ്പ മുടങ്ങി 60 ദിവസം പിന്നിടുമ്പോൾ ബാങ്ക് ആദ്യ നോട്ടീസ് നൽകണം. തുടർന്ന് പണം അടയ്ക്കാൻ 21 ദിവസത്തെ സമയം അനുവദിക്കും. ഇതിനുശേഷവും പണമടച്ചില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് 7 ദിവസം മുൻപ് രണ്ടാമത്തെ നോട്ടീസും നൽകണം. ഈ വ്യവസ്ഥകളെല്ലാം ഉപഭോക്താവ് ഒപ്പിടുന്ന ലോൺ കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
ബാങ്കുകൾക്ക് ഫോണിന്റെ സേവനങ്ങൾ നിയന്ത്രിക്കാമെങ്കിലും പൂർണ്ണമായി ലോക്ക് ചെയ്യാൻ അനുവാദമില്ല. ഇന്റർനെറ്റ് ആക്സസ്, ഇൻകമിങ് കോളുകൾ, എമർജൻസി എസ്ഒഎസ് ഫീച്ചറുകൾ, സർക്കാർ-പൊതുസേവന സന്ദേശങ്ങൾ എന്നിവയൊന്നും തടയാൻ പാടില്ല. കൂടാതെ, വായ്പയെടുക്കുന്നയാളുടെ ഫോണിലെ വ്യക്തിഗത വിവരങ്ങൾ ആക്സസ് ചെയ്യാനോ സൂക്ഷിക്കാനോ ബാങ്കുകൾക്ക് പൂർണ്ണ വിലക്കുണ്ടാകും. വായ്പ കുടിശ്ശിക അടച്ചുതീർത്താൽ വെറും ഒരു മണിക്കൂറിനകം ഫോണിന്റെ നിയന്ത്രണങ്ങൾ നീക്കണം. തെറ്റായ ഫോൺ നിയന്ത്രിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്താൽ ബാങ്കുകൾ ഉപഭോക്താവിന് മണിക്കൂറിന് 250 രൂപ വീതം പിഴ നൽകേണ്ടി വരും. വായ്പ പൂർണ്ണമായി അടച്ചുതീർത്താൽ ഈ നിയന്ത്രണ സാങ്കേതികവിദ്യ ഫോണിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുകയും വേണം.
റിക്കവറി ഏജൻസികളുടെയും ഏജന്റുമാരുടെയും പ്രവർത്തനങ്ങൾക്കും ആർബിഐ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വായ്പ തിരിച്ചുപിടിക്കാൻ എത്തുന്ന ഏജന്റുമാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ങിൽ നിന്നോ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നോ ഉള്ള സർട്ടിഫിക്കേഷൻ നിർബന്ധമാണ്. ബാങ്കുകൾ തങ്ങളുടെ റിക്കവറി ഏജൻസികളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ പരസ്യപ്പെടുത്തണം. വായ്പയെടുത്തവരെ രാവിലെ 8 മണിക്കും രാത്രി 7 മണിക്കും ഇടയിൽ മാത്രമേ ഫോണിൽ വിളിക്കാൻ പാടുള്ളൂ. യാതൊരു കാരണവശാലും കുടുംബാംഗങ്ങളെ അപമാനിക്കാനോ, സാമൂഹിക മാധ്യമങ്ങൾ വഴി അപവാദ പ്രചരണം നടത്താനോ പാടില്ലെന്നും ആർബിഐ നിർദ്ദേശിക്കുന്നു.
