Home » Blog » kerala Max » ഇൻഫ്‌ളുവൻസറുടെ വീട്ടിൽ വിവാഹാഭ്യർത്ഥനയുമായി അതിക്രമിച്ചുകയറി; വീട്ടുകാരുടെ മർദനമേറ്റ് യുവാവിന് ദാരുണാന്ത്യം!
INFLR

ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ യുവതിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വീട്ടിൽ അതിക്രമിച്ചുകയറിയ ആരാധകൻ മർദനമേറ്റ് മരിച്ചു. ഡൽഹിയിൽ ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള നേഹ ബിഷ്ടിന്റെ വീട്ടിലാണ് സംഭവം. ചെന്നൈയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി അഭിനവാണ് മരിച്ചത്. നേഹയുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ടായിരുന്ന അഭിനവിന് യുവതിയോട് പ്രണയം തോന്നിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ നേഹയുടെ വിവാഹനിശ്ചയം മറ്റൊരാളുമായി കഴിഞ്ഞതോടെ ഇയാൾ അസ്വസ്ഥനാകുകയായിരുന്നു.

നവംബർ ഏഴിന് ചെന്നൈയിലെ ജോലിസ്ഥലത്തുനിന്ന് ഡൽഹിയിലെത്തിയ അഭിനവ് കിഴക്കൻ ഡൽഹിയിലെ മധു വിഹാറിലുള്ള നേഹയുടെ വീട്ടിൽ അതിക്രമിച്ചുകയറി. വിവാഹം ഒഴിവാക്കി തന്നെ വിവാഹം കഴിക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടെങ്കിലും പുറത്തുപോകാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ തയ്യാറായില്ല. തുടർന്ന് നേഹയുടെ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് അഭിനവിനെ ബലമായി പുറത്താക്കുകയും മർദിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ നവംബർ 15-നാണ് അഭിനവ് മരിച്ചത്. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത പോലീസ് നേഹയുടെ പിതാവ് വീരേന്ദർ ബിഷ്ടിനെയും ഒരു അയൽവാസിയെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവദിവസം അഭിനവ് മദ്യപിച്ചിരുന്നതായി എഫ്.ഐ.ആറിൽ പരാമർശമുണ്ട്. കേസിന്റെ മറ്റ് വശങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *