മനാമ: ബഹ്റൈന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രസ്താവനകളെ ശക്തമായി തള്ളി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം. ഇറാന്റെ നടപടി രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
ബഹ്റൈന്റെ നിയമപരമായ നടപടികളെയും പരമാധികാര തീരുമാനങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളായി ചിത്രീകരിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ വസ്തുതകളെ ബോധപൂർവം വളച്ചൊടിക്കുന്നതാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. ഇത്തരം ആരോപണങ്ങളിൽ യാതൊരു വിശ്വാസ്യതയുമില്ലെന്നും കാര്യങ്ങളെ രാഷ്ട്രീയവൽക്കരിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും ബഹ്റൈൻ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി തുടരുന്ന ഇറാന്റെ ഇത്തരത്തിലുള്ള പെരുമാറ്റം അങ്ങേയറ്റം ഖേദകരമാണെന്നും പ്രസ്താവനയിൽ പറയുന്നു.
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ദോഷകരമായി ബാധിക്കും. അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക സൗഹൃദത്തിന്റെയും ലംഘനമാണിത്. രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും ബഹ്റൈന്റെ ആഭ്യന്തര വിഷയങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഇറാൻ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
