വാഷിങ്ടൺ: ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഇറാനെതിരായ സൈനിക നടപടി കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ‘ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടും’ എന്ന കടുത്ത പരാമർശത്തോടെയാണ് ട്രംപ് പ്രതികരിച്ചത്. പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേനയുടെ പ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഭരണകൂടമാറ്റം അമേരിക്കയുടെ പ്രധാന ലക്ഷ്യമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വൈറ്റ്ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ സൈനിക ശേഷി തകർക്കുകയും ആണവായുധ വികസന സാധ്യതകൾ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യുന്നതിൽ യുഎസ് മുന്നേറുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ മാസങ്ങളിൽ നടത്തിയ സൈനിക നടപടികൾ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും നേതൃത്വത്തെയും ഗണ്യമായി ദുർബലപ്പെടുത്തിയതായും ട്രംപ് പറഞ്ഞു.
ഇറാൻ യുഎസിന്റെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതുവരെ സൈനിക സമ്മർദ്ദം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഓപ്പറേഷൻ എപ്പിക് ഫ്യൂറി”യുടെ ഭാഗമായി ഇറാന്റെ മിസൈൽ ശേഷിക്കും നാവിക ശക്തിക്കും നേതൃത്വഘടനയ്ക്കും വലിയ നാശനഷ്ടം സംഭവിച്ചതായും ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ മിസൈൽ നിർമ്മാണ ശേഷി തകർക്കുക, നാവിക ശക്തി ദുർബലപ്പെടുത്തുക, രാജ്യത്തിന് ആണവായുധം ലഭിക്കാതിരിക്കാൻ ഉറപ്പാക്കുക എന്നിവയാണ് യുഎസിന്റെ പ്രധാന യുദ്ധലക്ഷ്യങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ നാവിക, വ്യോമ സേനകൾക്കും നേതൃത്വ ഘടനയ്ക്കും ഇതിനകം തന്നെ വലിയ തിരിച്ചടി ലഭിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെ ആണവായുധങ്ങൾ നേടുന്നതിൽനിന്ന് തടയുന്നത് യുഎസ് നയത്തിന്റെ കേന്ദ്ര ലക്ഷ്യമായി തുടരുമെന്ന് ട്രംപ് ആവർത്തിച്ചു. മുൻ ഭരണകൂടങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ വിമർശിച്ച അദ്ദേഹം, ഈ പ്രശ്നം നേരത്തെ തന്നെ പരിഹരിക്കേണ്ടതായിരുന്നു എന്നും പറഞ്ഞു. വിവിധ ചരിത്ര യുദ്ധങ്ങളുമായി നിലവിലെ സംഘർഷത്തെ താരതമ്യം ചെയ്ത ട്രംപ്, ഇറാന്റെ പ്രതിരോധം ദീർഘകാലം നീണ്ടുനിൽക്കില്ലെന്നും അഭിപ്രായപ്പെട്ടു.
