ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ഇറാനും നടത്തുന്ന നയതന്ത്ര ചർച്ചകൾ വിജയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇറാനുമായുള്ള നേരിട്ടുള്ള ചർച്ചകൾ ഫലം നൽകുന്നുണ്ടെന്നും അതിലൂടെ ഇന്ത്യയിലേക്കുള്ള എൽപിജി വിതരണം സുഗമമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കുന്നതിനായി ഇറാനുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ജയ്ശങ്കർ പറഞ്ഞു. നയതന്ത്ര ഇടപെടലിലൂടെയുള്ള പുരോഗതിയുടെ ഉദാഹരണമായി, ശനിയാഴ്ച രണ്ട് ഇന്ത്യൻ പതാക ഘടിപ്പിച്ച ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വാഹക കപ്പലുകൾ കടലിടുക്ക് കടന്ന കാര്യം ജയ്ശങ്കർ ചൂണ്ടിക്കാട്ടി. ഓരോ കപ്പലിന്റെയും നീക്കം പ്രത്യേകമായി പരിശോധിച്ചാണ് അനുമതി ലഭ്യമാക്കുന്നതെന്നും മറ്റ് വിദേശ രാജ്യങ്ങൾക്കും ഈ നയതന്ത്ര മാതൃക പിന്തുടരാവുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായുള്ള സജീവമായ ബന്ധം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഞാൻ ഇപ്പോഴും അവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്, ചർച്ചകൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. സ്വാഭാവികമായും അത് തുടരും.’ അദ്ദേഹം പറഞ്ഞു.
ചർച്ചകൾക്ക് ഇന്ത്യ മുൻഗണന നൽകുന്നുണ്ടെന്നും നിലവിലെ സാഹചര്യം പരിഹരിക്കുന്നതിന് ഇറാനുമായുള്ള തുടർച്ചയായ ഇടപെടലാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും ജയ്ശങ്കർ പറഞ്ഞു.
‘‘ഇന്ത്യയുടെ കാഴ്ചപ്പാടിൽ, ഈ വിഷയത്തിൽ ഇടപെടാതിരിക്കുന്നതിനേക്കാൾ നല്ലത് നാം യുക്തിസഹമായി ചിന്തിക്കുകയും ഏകോപിപ്പിക്കുകയും ഒരു പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതാണ്. ഇന്ത്യയുടെ ഈ സമീപനം, മറ്റുള്ളവർക്കും ഇത്തരം ഇടപെടലുകൾ നടത്താൻ സാഹചര്യം ഒരുക്കുമെങ്കിൽ, അത് ലോകത്തിന് ഗുണകരമാകും.’’- അദ്ദേഹം പറഞ്ഞു. ചർച്ചകൾ ആരോഗ്യപരമായി നിലനിർത്തുന്നതിലാണ് ന്യൂഡൽഹി സമീപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഇറാനുമായുള്ള ഓരോ രാജ്യത്തിന്റെയും ഇടപെടൽ അതത് രാജ്യങ്ങളുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ്-ഇറാൻ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകരടക്കം വിലയിരുത്തുന്ന സാചര്യമാണ് ഇപ്പോഴുള്ളത്.
