Home » Blog » kerala Max » ‘ഇറാനുമായി കരാറിലെത്തുമോ? അതോ സൈനിക നടപടി സ്വീകരിക്കുമോ?’ എന്ന കാര്യം പത്ത് ദിവസത്തിനുള്ളിൽ ലോകം അറിയും; ഡൊണാൾഡ് ട്രംപ്
7

വാഷിങ്ടൺ: അമേരിക്ക ഇറാനുമായി ഒരു കരാറിലെത്തുമോ? അതോ സൈനിക നടപടി സ്വീകരിക്കുമോ? എന്ന കാര്യം പത്ത് ദിവസത്തിനുള്ളിൽ ലോകം അറിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ബോർഡ് ഓഫ് പീസിന്റെ ഉദ്ഘാടന യോഗത്തിൽ സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിച്ച ട്രംപ്, ‘നമ്മൾ ഒരു അർഥവത്തായ കരാർ ഉണ്ടാക്കണം, അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’ എന്നും പറഞ്ഞു. ഇറാനുമായി വിവേകപൂർണമായ ഒരു കരാറുണ്ടാക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് വർഷങ്ങൾകൊണ്ട് തെളിഞ്ഞതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ഇറാന്റെ ആണവപദ്ധതി ഉപേക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രണ്ടാംവട്ട ചർച്ച ചൊവ്വാഴ്ച ജനീവയിൽ പൂർത്തിയായിരുന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ഇരുപക്ഷവും പറയുന്നത്. അന്തിമകരാറിനുള്ള രൂപരേഖയുണ്ടാക്കി മൂന്നാംഘട്ട ചർച്ചയിലേക്കുപോകാനാണ് ഇരുകക്ഷികളും തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെ, കരാറിലെത്താനായില്ലെങ്കിൽ ഇറാനെതിരെയുള്ള നടപടികൾ യുഎസ് സജീവമായി ആലോചിച്ച് വരികയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മധ്യേഷ്യയിൽ 22 വർഷത്തിനിടയിലെ ഏറ്റവും വലിയ സൈനിക സന്നാഹങ്ങൾക്കാണ് ട്രംപ് ഉത്തരവിട്ടിട്ടുള്ളത്.