ഉന്നാവ് ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎയുടെ ശിക്ഷ മരവിപ്പിച്ചതിനെതിരെ അതിജീവിത. മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ ജയിലിൽ നിന്നിറങ്ങുന്നത് തന്റെ ജീവന് വലിയ ഭീഷണിയാണെന്നും താൻ കൊലചെയ്യപ്പെട്ടേക്കാമെന്നും യുവതി പറഞ്ഞു.
ബലാത്സംഗക്കേസിൽ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചത് ജഡ്ജിമാർ പ്രതിക്കൊപ്പം നിന്നതുകൊണ്ടാണെന്നും, സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നും അതീജീവിത ആരോപിച്ചു. കോടതി ഇരയ്ക്ക് നീതി നൽകുന്നതിന് പകരം വേട്ടക്കാരനായ പ്രതിക്കൊപ്പമാണ് നിൽക്കുന്നത്. എന്റെ അച്ഛനെ കൊന്നവൻ പുറത്തിറങ്ങുന്നത് എന്റെ ജീവന് ഭീഷണിയാണ്. പാവപ്പെട്ടവർക്ക് ലഭിക്കാത്ത ആനുകൂല്യങ്ങൾ സെൻഗാറിന് ലഭിക്കുന്നത് ഉന്നതതലത്തിലുള്ള ഒത്തുകളി മൂലമാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ താൻ ഒറ്റപ്പെട്ടതായും തന്നെയും അവർ ഇല്ലാതാക്കുമെന്നും അതിജീവിത പറഞ്ഞു
താൻ കോടതിക്ക് എതിരല്ലെന്നും, എന്നാൽ കേസ് പരിഗണിച്ച രണ്ട് ജഡ്ജിമാർ തന്നോട് നീതി കാണിച്ചില്ലെന്നുമാണ് അതിജീവിതയുടെ വാദം. അവർ പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബലാത്സംഗക്കേസിലെ പ്രതിക്ക് ഇത്തരത്തിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകുന്ന ഉത്തരവ് രാജ്യത്ത് തന്നെ ആദ്യത്തേതാണെന്ന് അവർ ആരോപിച്ചു. ഇരകളോട് കോടതി കാണിക്കേണ്ടത് ദയയാണ്. വിധി പുറപ്പെടുവിച്ച ജഡ്ജിമാർക്കും കുടുംബവും മക്കളും ഉള്ളതല്ലേ? എന്ന് അതിജീവിത വൈകാരികമായി ചോദിക്കുന്നു.
തനിക്ക് ലഭിക്കേണ്ട നീതി സുപ്രീം കോടതിയിൽ നിന്ന് ലഭിക്കുമെന്ന് വിശ്വാസം തനിക്കുണ്ട്. പണ്ടും തനിക്ക് നീതി ലഭിച്ചത് അവിടെനിന്നാണ്. ഇത്തവണയും ലഭിക്കുമെന്നും അതീജീവിത പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും കാണാൻ ശ്രമിക്കുകയാണ്. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ സമയം തേടി ഇ – മെയിൽ അയച്ചിട്ടുണ്ടെന്നും അതിജീവിത വ്യക്തമാക്കി.
