ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ) കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദ രംഗത്തെ ദീർഘ വീക്ഷണമാണിത്. താളിയോലകൾ ഉൾപ്പെടെയുള്ള പരമ്പരാഗത അറിവുകൾ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുന്നു. ആയുർവേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്. ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. ആയുർവേദത്തിന്റെ പുരാതന വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ച്, ആഗോള മികവിന്റെ കേന്ദ്രമായി മാറാനാണ് ഐആർഐഎ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ടത്തിൽ 200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, മോഡൽ പേഷ്യന്റ് കെയർ സെന്റർ, താളിയോല പഠന കേന്ദ്രം, അഡ്വാൻസ്ഡ് മെഡിസിനൽ പ്ലാന്റ് നഴ്സറി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആദ്യ ഘട്ടത്തിൽ കാൻസർ ഡീജനറേറ്റീവ് രോഗങ്ങളിലെ ഗവേഷണത്തിനും പരിചരണത്തിനും ഇൻസ്റ്റിറ്റ്യൂട്ട് മുൻഗണന നൽകും. മലബാർ കാൻസർ സെന്റർ ഗവേഷണവുമായി സഹകരിക്കും.
ആയുർവേദ ഗവേഷണത്തിലെ സുപ്രധാന മേഖലകൾ ലക്ഷ്യമിട്ട് 6 പ്രത്യേക വകുപ്പുകളായാണ് ഐആർഐഎ പ്രവർത്തിക്കുന്നത്. ജനിതകശാസ്ത്രം, സെൽ ബയോളജി തുടങ്ങിയ ആധുനിക ബയോളജി സങ്കേതങ്ങൾ ഉപയോഗിച്ച് ആയുർവേദ തത്വങ്ങളെ പ്രായോഗിക തലത്തിൽ എത്തിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ആയുർവേദിക് ബയോളജി ആൻഡ് ട്രാൻസ്ലേഷണൽ ആയുർവേദ, ഔഷധ സസ്യങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ് ആൻഡ് നാച്ചുറൽ പ്രൊഡക്ട്സ്, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കൽ, പുതിയ മരുന്നുകളുടെ വികസനം, സുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്ലേഷണൽ ഡ്രഗ് റിസർച്ച്, ആയുർവേദത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നതിനായി ക്ലിനിക്കൽ എപ്പിഡെമിയോളജി, പോളിസി പഠനങ്ങൾ എന്നിവ നടത്തുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് റിസർച്ച്, പരമ്പരാഗത അറിവുകൾ, അപൂർവ കൈയെഴുത്തുപ്രതികൾ, ചരിത്രപരമായ വസ്തുക്കൾ എന്നിവ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഹെറിറ്റേജ്, മ്യൂസിയം ആൻഡ് മാനുസ്ക്രിപ്റ്റ്സ്, ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും ആവശ്യമായ സാങ്കേതിക പിന്തുണ നൽകുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഐ.സി.ടി സർവീസസ് എന്നീ വിഭാഗങ്ങളാണുണ്ടാകുക.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഫെബ്രുവരി 20ന് സയന്റിഫിക് കോൺഫറൻസും ഫെബ്രുവരി 22 മുതൽ 25 വരെ ആയുർവേദ എക്സ്പോയും കണ്ണൂരിൽ സംഘടിപ്പിക്കും. ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത്ത് ബാബു ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി. ഡി. ശ്രീകുമാർ, ഐആർഐഎ നോഡൽ ഓഫീസർ ഡോ. വി. രാജ്മോഹൻ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. സജി പി.ആർ., ഡോ. ആർ. ജയനാരായണൻ എന്നിവർ പങ്കെടുത്തു.
