സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്.
കോട്ടയത്തും ഇടുക്കിയിലും മണ്ണിടിച്ചിലിൽ രണ്ട് പേർ മരണപ്പെട്ടു. ഇടുക്കി പൊലീസ് സ്റ്റേഷനിലേക്കും വാഗമണ്ണിൽ വീടിന് മുകളിലേക്കും മണ്ണിടിഞ്ഞു വീണു. കുമളി-അടിമാലി ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയും ചെയ്യുന്നു.
