ടി20 ലോകകപ്പിലെ നിർണ്ണായകമായ സെമി ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ പരിശീലന സെഷൻ വൈകിയത് ചന്ദ്രഗ്രഹണം മൂലമെന്ന് സ്ഥിരീകരണം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ട് ആറ് മണിക്ക് നിശ്ചയിച്ചിരുന്ന പരിശീലനം ഗ്രഹണ സമയം കഴിഞ്ഞ മതിയെന്ന നിർദ്ദേശം ലഭിച്ചിരുന്നുവെന്ന് ബൗളിംഗ് കോച്ച് മോർണി മോർക്കൽ വ്യക്തമാക്കി. ഗ്രഹണ സമയത്ത് ശുഭകാര്യങ്ങൾ ഒഴിവാക്കുന്ന ആചാരപരമായ രീതി പിന്തുടർന്നാണ് ടീം മാനേജ്മെന്റ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ഭാഗത്തുനിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.20 മുതൽ വൈകിട്ട് 6.47 വരെയായിരുന്നു ചന്ദ്രഗ്രഹണ സമയം. ആറ് മണിക്ക് പരിശീലനം തുടങ്ങേണ്ടിയിരുന്നെങ്കിലും സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റുകൾ പോലും തെളിയിച്ചിരുന്നില്ല. ഗ്രൗണ്ട് സ്റ്റാഫും മാധ്യമപ്രവർത്തകരും താരങ്ങളെ കാത്തുനിന്നെങ്കിലും ഗ്രഹണം പൂർത്തിയായ ശേഷം 6.55-ഓടെയാണ് വെളിച്ചം തെളിഞ്ഞതും താരങ്ങൾ ഗ്രൗണ്ടിലെത്തിയതും. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് പരിശീലന സെഷൻ ആരംഭിച്ചത്. ശാസ്ത്രസാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം നൽകുന്ന ആധുനിക ക്രിക്കറ്റിൽ ഇത്തരം വിശ്വാസങ്ങൾക്ക് വഴിമാറുന്നത് ശരിയാണോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.
പരിശീലനം ആരംഭിച്ച ഉടൻ തന്നെ ഹെഡ് കോച്ച് ഗൗതം ഗംഭീർ ഗ്രൗണ്ടിലെത്തുകയും പിച്ച് ക്യുറേറ്ററുമായി ദീർഘനേരം ചർച്ച നടത്തുകയും ചെയ്തു. വാംഖഡെയിലെ പിച്ചിന്റെ സ്വഭാവവും ബൗൺസും നേരിട്ട് വിലയിരുത്തിയ ഗംഭീർ, ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക്കിനും ഫീൽഡിംഗ് കോച്ച് റയാൻ ടെൻ ഡോഷ്റ്റെയ്ക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീമിന് വാംഖഡെയിലെ സാഹചര്യം അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് കോച്ചിംഗ് സ്റ്റാഫ്. പരിശീലനം വൈകിയെങ്കിലും താരങ്ങൾ അതീവ ഗൗരവത്തോടെയാണ് സെഷനിൽ പങ്കെടുത്തത്.
