ലണ്ടൻ: ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കാൻ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി നീരവ് മോദി യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക് അപേക്ഷ നൽകി. പിടികിട്ടാപ്പുള്ളിയായ നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറുന്നതിനുള്ള അവസാനവട്ട നടപടികൾക്കായി സിബിഐ സംഘം ലണ്ടനിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നീക്കം. ഇന്ത്യയ്ക്ക് കൈമാറണമെന്ന വിധി പുനഃപരിശോധിക്കണമെന്ന നീരവ് മോദിയുടെ അപ്പീൽ മാർച്ച് 25ന് ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സിബിഐ നടപടികൾ വേഗത്തിലാക്കിയത്.
എന്നാൽ, യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപേക്ഷ നൽകിയതോടെ നീരവ് മോദിക്ക് ഉടനെ ലണ്ടൻ വിടാനാകില്ലെന്നാണ് വിവരം. യൂറോപ്യൻ മനുഷ്യാവകാശ കോടതി സാധാരണ 48 മണിക്കൂറിനുള്ളിൽ വിധി പറയുമെന്നും എന്നാൽ ബ്രിട്ടിഷ് സർക്കാരിനോട് കൂടുതൽ വിവരങ്ങൾ ആരാഞ്ഞാൽ വിധി വരുന്നതു നീളാൻ സാധ്യതയുണ്ടെന്നും ആണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്.
