ന്യൂഡല്‍ഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ തുടരുന്നതെങ്കില്‍, അവര്‍ക്ക് ലോകഭൂപടത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രമായി മാറണോ എന്ന് അവര്‍ തന്നെ തീരുമാനിക്കേണ്ടി വരുമെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. പാകിസ്ഥാന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് അദ്ദേഹം ശനിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
ഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ ‘യൂണിഫോം അണ്‍വെയില്‍ഡ്’ സംഘടിപ്പിച്ച ‘സേന സംവാദ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം നടന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പോലുള്ള സാഹചര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജനറല്‍ ദ്വിവേദി.
“പാകിസ്ഥാന്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നതും ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നതും തുടരുകയാണെങ്കില്‍, അവര്‍ക്ക് ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി (ഭൂപടത്തില്‍) തുടരണോ അതോ ചരിത്രമായി മാറണോ എന്ന് അവര്‍ തന്നെ തീരുമാനിക്കേണ്ടി വരും.” – അദ്ദേഹം പറഞ്ഞു. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആവര്‍ത്തിക്കുന്നതായിരുന്നു കരസേനാ മേധാവിയുടെ ഈ ചുരുങ്ങിയ വാക്കുകളിലെ കടുത്ത മുന്നറിയിപ്പ്.
