വാഷിങ്ടൺ: ഖത്തറിനുനേരേയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാനോട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിന് തയ്യാറല്ലെങ്കിൽ ഇസ്രയേൽ ബോംബിട്ട സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനായും യു.എസ്. കത്തിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. സൗത്ത് പാർസിലെ ഏതാനും അടിസ്ഥാനസൗകര്യങ്ങൾ ബുധനാഴ്ച ഇസ്രയേൽ ആക്രമിച്ചിതുന്നു.
അതേസമയം, ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചത് തന്റെ അറിവോടെയല്ലായെന്ന്ട്രംപ് പറഞ്ഞു. ഇസ്രയേലിനെ ശാസിച്ചെന്നും അവരുടെ ഭാഗത്തുനിന്ന് സൗത്ത് പാർസിനുനേരേ ഇനിയൊരാക്രമണം ഉണ്ടാവില്ലെന്നും അവകാശപ്പെട്ടു. എന്നാൽ, ഖത്തറിനെ ഇറാൻ ആക്രമിക്കുന്നത് തുടർന്നാൽ യു.എസ്.തന്നെ സൗത്ത് പാർസ് കത്തിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
ലോകത്ത് ഏറ്റവുമധികം പ്രകൃതിവാതകമുള്ള പാടമാണ് സൗത്ത് പാർസിലേത്. ഇതിന്റെ ഒരുഭാഗത്ത് ഖത്തറാണ് ഖനനം നടത്തുന്നത്. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക (എൽ.എൻ.ജി.) കയറ്റുമതി രാജ്യമാണ് ഖത്തർ. അവർ കയറ്റി അയക്കുന്ന എൽ.എൻ.ജിയുടെ ഭൂരിഭാഗവും സൗത്ത് പാർസിൽനിന്നാണ് വരുന്നത്.
സൗത്ത് പാർസിലെ ആക്രമണത്തിന് നിയന്ത്രണാതീതമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അത് ലോകത്തെ മുഴുവൻ വിഴുങ്ങുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു.
പരമോന്നത സുരക്ഷാകൗൺസിൽ മേധാവിയായിരുന്ന അലി ലാറിജാനിയുൾപ്പെടെയുള്ള ഉന്നതനേതാക്കളെ കൊലപ്പെടുത്തിയ യു.എസ്.-ഇസ്രയേൽ സഖ്യത്തിന് ശക്തമായ തിരിച്ചടിനൽകുമെന്ന് ഇറാന്റെ പരമോന്നതനേതാവ് മുജ്താബ ഖാംനയി പറഞ്ഞു.
ലാറിജാനിയുടെ കൊലപാതകത്തെ ചൈന വ്യാഴാഴ്ച അപലപിച്ചു. ഇറാന്റെ നേതാക്കളെ കൊല്ലുന്നതും സിവിലിയൻകേന്ദ്രങ്ങൾ ആക്രമിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും ചൈന പറഞ്ഞു.
