Home » Blog » Kerala » ഇത്രത്തോളം നിഷ്കളങ്കനും വ്യക്തിത്വമുള്ളതുമായ മറ്റൊരു വ്യക്തിയെ എനിക്കറിയില്ല: ശ്രീനിവാസന്റെ ഓർമ്മകളിൽ വിന്ദുജ മേനോൻ
Untitled-2-Recovered-8-680x450

മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി നടി വിന്ദുജ മേനോൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് വിന്ദുജ തന്റെ പ്രിയപ്പെട്ട ‘ശ്രീനിയേട്ടന്’ ആദരാഞ്ജലികൾ അർപ്പിച്ചത്. മലയാള സിനിമയിൽ ശ്രീനിവാസനെപ്പോലെ ഇത്രത്തോളം നിഷ്കളങ്കനും വ്യക്തിത്വമുള്ളതുമായ മറ്റൊരു വ്യക്തിയെ തനിക്കറിയില്ലെന്നും അദ്ദേഹത്തിന്റെ വിയോഗം വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്നും വിന്ദുജ കുറിച്ചു.

ശ്രീനിവാസനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു വിന്ദുജയുടെ കുറിപ്പ്. ഇതിൽ ഒന്ന് ഇരുവരും ഒന്നിച്ചഭിനയിച്ച ‘പവിത്രം’ എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ളതായിരുന്നു. പവിത്രത്തിന്റെ കാലം മുതൽ തന്റെ ഹൃദയത്തിൽ വലിയ ബഹുമാനത്തോടെ ഒരു പ്രത്യേക സ്ഥാനം ശ്രീനിവാസൻ നേടിയിരുന്നതായി താരം അനുസ്മരിച്ചു. മലയാള സാഹിത്യത്തിലെ വാക്കുകളുടെ അർത്ഥവും കാവ്യാത്മകമായ സൗന്ദര്യവും ചോദിച്ചു മനസ്സിലാക്കാൻ താൻ പലപ്പോഴും അദ്ദേഹത്തെ സമീപിച്ചിരുന്നതായും വിന്ദുജ ഓർത്തെടുത്തു.

ശ്രീനിവാസന്റെ കുടുംബത്തെയും വിന്ദുജ കുറിപ്പിലൂടെ ആശ്വസിപ്പിച്ചു. വിമലേച്ചി, വിനീത്, ധ്യാൻ എന്നിവർക്ക് ഈ ആഴമേറിയ വേദനയെ മറികടക്കാൻ കഴിയട്ടെ എന്ന് താരം ആശംസിച്ചു. ശ്രീനിവാസന്റെ സിനിമകളിലെ അനായാസമായ രംഗങ്ങൾ പോലെ ജീവിതത്തിലെ ഈ കഠിനമായ ഘട്ടത്തെയും അതിജീവിക്കാൻ അവർക്ക് സാധിക്കട്ടെ എന്നും, കുടുംബം എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും വിന്ദുജ തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.