Home » Blog » Kerala » ഇടുക്കിയിൽ 93 അതിജീവിതമാർക്ക് സർക്കാർ ധനസഹായം വിതരണം ചെയ്തു
metrovaartha_2025-04-02_iplqeq72_ib

ഇടുക്കി: ജില്ലയിൽ ലൈംഗികാതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ 93 അതിജീവിതമാർക്ക് സർക്കാർ സഹായധനം വിതരണം ചെയ്തു. മൊത്തം അനുവദിച്ച 5.21 ലക്ഷം രൂപയിൽ 4.81 ലക്ഷം രൂപയാണ് നിലവിൽ കൈമാറിയത്. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ അതിക്രമം നേരിട്ടവർക്കാണ് ഈ സഹായം ലഭിച്ചത്.

ജില്ലാതല നിയമസഹായ അതോറിറ്റി കമ്മിറ്റി യോഗം ചേർന്ന് ഓരോ കേസിലെയും നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നു. തുടർന്ന് ഈ ശുപാർശ സംസ്ഥാന അതോറിറ്റിക്ക് കൈമാറുകയും സർക്കാർ തുക അനുവദിക്കുകയും ചെയ്യുന്നു. സഹായധനം അനുവദിച്ചവരിൽ നാല് പേരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇടുക്കി, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ കേസുകളിൽ ഉൾപ്പെട്ടവരാണിവർ. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എൻ.എൻ സിജി അറിയിച്ചു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി സഹായധന വിതരണം മുടങ്ങിയതിനെതിരെ പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിതരണം വേഗത്തിലാക്കിയത്. പോക്‌സോ കേസിലെ ഇരകൾക്ക് ഇടക്കാല ധനസഹായത്തിനും അന്തിമ നഷ്ടപരിഹാരത്തിനും അർഹതയുണ്ട്. ബലാത്സംഗത്തിന് ഇരയായ സ്ത്രീക്ക് 4ലക്ഷം രൂപവരെയും പ്രായപൂർത്തിയാകാത്തവർക്ക് ആറുലക്ഷം വരെയും നഷ്ടപരിഹാരം ലഭിക്കും.