Home » Blog » Kerala » ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച റെജി ലൂക്കോസ് ബിജെപി സംസ്ഥാന വക്താവ്! നിയമനം നൽകി രാജീവ് ചന്ദ്രശേഖർ
Untitled-1-Recovered-680x450

മുൻ സിപിഐഎം സഹയാത്രികനും രാഷ്ട്രീയ നിരീക്ഷകനുമായ റെജി ലൂക്കോസിനെ ബിജെപി സംസ്ഥാന വക്താവായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ജനുവരി എട്ടിനാണ് ദീർഘകാലത്തെ ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാൽ കേരളം വൃദ്ധസദനമായി മാറുമെന്നും ബിജെപിയുടെ വികസന കാഴ്ചപ്പാടുകളിൽ ആകൃഷ്ടനായാണ് താൻ പാർട്ടിയിൽ ചേർന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏകദേശം 35 വർഷത്തോളം ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന റെജി ലൂക്കോസ് കഴിഞ്ഞ 13 വർഷമായി ദൃശ്യമാധ്യമങ്ങളിലെ രാഷ്ട്രീയ സംവാദങ്ങളിൽ സജീവ സാന്നിധ്യമാണ്. കേരളത്തിൽ സിപിഐഎം വർഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്നും ബിജെപിയുടെ ദേശീയ നേതൃത്വം മുന്നോട്ടുവെക്കുന്ന വികസന രാഷ്ട്രീയമാണ് നാടിന് ആവശ്യമെന്നും അദ്ദേഹം ബിജെപി പ്രവേശന വേളയിൽ പറഞ്ഞിരുന്നു. പുതിയ ചുമതല ലഭിച്ചതോടെ ചാനൽ ചർച്ചകളിലും മറ്റും ബിജെപിയുടെ ഔദ്യോഗിക മുഖമായി റെജി ലൂക്കോസ് ഇനി സജീവമാകും.