2024-25 ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആവേശകരമായ നിമിഷങ്ങൾ പങ്കുവെച്ച് ഇന്ത്യൻ പേസർ ആകാശ് ദീപ്. ഗാബ്ബ ടെസ്റ്റിൽ ഇന്ത്യയെ ഫോളോ ഓണിൽ നിന്ന് രക്ഷിച്ച നിർണ്ണായക ബാറ്റിംഗ് പ്രകടനത്തെക്കുറിച്ചാണ് ആകാശ് മനസ്സ് തുറന്നത്. ഇന്നിങ്‌സിന്റെ 75-ാം ഓവറിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ആകാശ് സിക്‌സറിന് പറത്തിയത് അന്ന് വലിയ വാർത്തയായിരുന്നു.
ഡഗ് ഔട്ടിലിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ആ സിക്സർ ആവേശത്തോടെ ആഘോഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. തനിക്ക് സിക്സറുകൾ അടിക്കാനുള്ള കഴിവുണ്ടെന്ന് രോഹിത്തിനും വിരാടിനും നേരത്തെ അറിയാമായിരുന്നുവെന്ന് ആകാശ് ദീപ് പറഞ്ഞു.
“ഞാൻ ധാരാളം സിക്സറുകൾ അടിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. ഗാബ്ബ പോലൊരു വലിയ ഗ്രൗണ്ടിൽ ഓസ്‌ട്രേലിയൻ പേസർമാരെ സിക്സറിന് അടിക്കുന്നത് അവർക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ ഫോളോ ഓൺ ഒഴിവാക്കാൻ ഞങ്ങൾക്ക് റൺസ് വേണമായിരുന്നു. അവർ തുടർച്ചയായി ഷോർട്ട് ബോളുകൾ എറിയാൻ തുടങ്ങിയതോടെയാണ് ഒരു സിക്സർ അടിക്കാൻ ഞാൻ തീരുമാനിച്ചത്,” ആകാശ് ദീപ് വ്യക്തമാക്കി. ഇന്ത്യൻ താരങ്ങൾ കാണിച്ച ആത്മവിശ്വാസം സീനിയർ താരങ്ങളും ഏറെ ആസ്വദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ 44 പന്തിൽ നിന്ന് രണ്ട് ഫോറും ഒരു സിക്സറുമടക്കം 31 റൺസാണ് ആകാശ് ദീപ് നേടിയത്.
