Home » Blog » Kerala » ആറുമാസത്തിനിടെ നഷ്ടമായത് 554 ജീവനുകൾ; അവിഹിത ബന്ധങ്ങൾ കുടുംബങ്ങളെ എത്തിക്കുന്നത് കൊലപാതകങ്ങളിലേക്ക്.
images (72)

ഡൽഹി: 2026-ലെ ആദ്യ ആറുമാസത്തിനിടെ ഇന്ത്യയിൽ 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ കുടുംബപ്രശ്നങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്യുകയോ ചെയ്തതായി ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏകം ന്യായ് ഫൗണ്ടേഷന്റെ പഠന റിപ്പോർട്ട്. വിവാഹേതര ബന്ധങ്ങളാണ് ഭർത്താക്കന്മാരുടെ കൊലപാതകങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

ജൂലൈ 14 വരെയുള്ള കാലയളവിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക സർക്കാർ കണക്കുകളല്ല ഇതെന്നും, മാധ്യമ ശ്രദ്ധയിൽപ്പെടാത്ത നിരവധി സംഭവങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്നും ഫൗണ്ടേഷൻ വ്യക്തമാക്കുന്നു. അതിനാൽത്തന്നെ യഥാർഥ മരണസംഖ്യ ഇതിലും എത്രയോ മുകളിലായിരിക്കാനാണ് സാധ്യത.

 

കണക്കുകൾ പരിശോധിച്ചാൽ 322 കൊലപാതകങ്ങളും 232 ആത്മഹത്യകളുമാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനം ശരാശരി രണ്ട് ഭർത്താക്കന്മാർ വീതം കൊല്ലപ്പെടുകയും ഒരാളിലധികം പേർ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. ഭർത്താക്കന്മാർ കൊല്ലപ്പെട്ട കേസുകളിൽ 60.2 ശതമാനവും വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ടതാണ്. മിക്ക സംഭവങ്ങളിലും ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ വധിക്കുകയായിരുന്നു. 88 കേസുകളിൽ കുടുംബവഴക്കുകളാണ് മരണത്തിൽ കലാശിച്ചത്.

 

ആത്മഹത്യ ചെയ്ത 232 പേരിൽ 104 പേർ ദീർഘകാലമായി തുടരുന്ന കുടുംബപ്രശ്നങ്ങളാൽ മനംനൊന്താണ് ജീവനൊടുക്കിയത്. ഭാര്യയുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ ഭാഗത്തുനിന്നുണ്ടായ പീഡനാരോപണങ്ങൾ 57 കേസുകളിൽ മരണകാരണമായി. വ്യാജ ക്രിമിനൽ കേസുകൾ, മാനസിക പീഡനം, മക്കളെ കാണാൻ അനുവദിക്കാത്തത് തുടങ്ങിയവയും ആത്മഹത്യകളിലേക്ക് നയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

 

സംസ്ഥാനങ്ങളുടെ കണക്കെടുപ്പിൽ ഉത്തർപ്രദേശാണ് മുന്നിൽ. 93 കൊലപാതകങ്ങളും 103 ആത്മഹത്യകളും ഉൾപ്പെടെ 196 കേസുകളാണ് യുപിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, ബിഹാർ, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ഉയർന്ന നിരക്കിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

ശിരഛേദം ചെയ്യുക, വിഷം നൽകി കൊലപ്പെടുത്തുക, വീടിന്റെ തറയിൽ മൃതദേഹം കുഴിച്ചുമൂടുക, ജീവനോടെ കത്തിക്കുക തുടങ്ങിയ അതിക്രൂരമായ കൊലപാതകരീതികളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പുരുഷന്മാർ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളെക്കുറിച്ചും ഭർത്തൃകൊലപാതകങ്ങളെക്കുറിച്ചും ദേശീയ തലത്തിൽ കൃത്യമായ ഡാറ്റാബേസ് ഇല്ലാത്തത് പ്രശ്നത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിന് വലിയ തടസ്സമാകുന്നുണ്ടെന്നും ഫൗണ്ടേഷൻ മുന്നറിയിപ്പ് നൽകുന്നു.