Home » Blog » Health » ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് ‘വിഷൻ 2031 ഫോർ ഹെൽത്ത്’ മുതൽക്കൂട്ട്: മന്ത്രി വീണാ ജോർജ്
images (29)

ചികിത്സാ ചെലവിൽ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം.

 

വിഷൻ 2031 അന്തർദേശീയ സെമിനാർ:

 

കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഭാവിക്കായി ‘വിഷൻ 2031 ഫോർ ഹെൽത്ത്’ മുതൽക്കൂട്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും സാമൂഹ്യ നീതിയുമായി ബന്ധിപ്പിച്ച് ആരോഗ്യ വികസന മാതൃകയെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും. ചികിത്സാ ചെലവിൽ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക എന്നതാണ് വിഷൻ 2031 ലക്ഷ്യം. സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷൻ 2031 അന്തർദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കേരളത്തിന്റെ ആരോഗ്യ മുന്നേറ്റം സാമൂഹിക, നവോത്ഥാന, ഭരണ സംവിധാനത്തിന്റെയും തുടർച്ചയായ ഇടപെടലുകളിലൂടെയാണ് സാധ്യമാക്കിയത്. ഈ കാലഘട്ടത്തിൽ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റമാണുണ്ടായത്. സംസ്ഥാനത്തിന്റെ ശിശു മരണനിരക്ക് അമേരിക്കയേക്കാളും കുറച്ച് അഞ്ചിലെത്തിക്കാൻ സാധിച്ചു. ആരോഗ്യ രംഗത്ത് കേരള പബ്ലിക് ഹെൽത്ത് ആക്ട് നടപ്പിലാക്കി. വാർഷികാരോഗ്യ പരിശോധനയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി തുടർ പരിചരണം ഉറപ്പാക്കി. ആരോഗ്യച്ചെലവിൽ കുടുംബങ്ങൾക്ക് വരുന്ന സാമ്പത്തികഭാരം കുറയ്ക്കുന്നതിനുള്ള ഇടപെടലുകൾ തുടരുകയാണ്. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനമാണ് കേരളം.

 

കാൻസർ പ്രതിരോധത്തിനും മുൻകൂട്ടി കണ്ടെത്തുന്നതിനുമായി ”ആരോഗ്യം ആനന്ദം അകറ്റാം അർബുദം” ക്യാമ്പയിൻ രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. പാലിയേറ്റീവ് കെയർ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർമാരുടെ സഹായത്തോടെ ഭിന്നശേഷിയുള്ള വയോജനങ്ങൾക്ക് വീടുതോറുമുള്ള സേവനം ആരംഭിച്ചിട്ടുണ്ട്.

 

എഎംആർ പ്രതിരോധത്തിൽ കേരളം ലോകത്ത് തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. 100 ആശുപത്രികൾ കൂടി ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാകാൻ സജ്ജമാണ്. ശക്തമായ ബോധവത്ക്കരണത്തിലൂടെ ആന്റിബയോട്ടിക് ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിൽ വിജയകരമായി. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള പ്രത്യേക കേന്ദ്രം ആരംഭിച്ചതും ആരോഗ്യ രംഗത്തെ പുതിയ മുന്നേറ്റമാണ്. ഇന്ത്യയിലെ ആദ്യത്തേതും ലോകത്തെ മൂന്നാമത്തേതുമാണ് കേരളത്തിലെ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്.

 

നിപയും അമീബിക് മെനിഞ്ചോഎൻസഫലൈറ്റിസ് പോലുള്ള രോഗങ്ങളും കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനം നടത്തി. 2023-ലെ നിപാ ബാധയിൽ രേഖപ്പെടുത്തിയ കുറഞ്ഞ മരണനിരക്ക് സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്.

 

ആരോഗ്യ ജാഗ്രത കലണ്ടർ ജനുവരി ഒന്നിന് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൈക്രോപ്ലാൻ തയ്യാറാക്കി പകർച്ച വ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നത് ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പരിശോധനകളും തുടർ നടപടികളും സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളം.

 

കേരളത്തിന്റെ ആരോഗ്യ രംഗത്തെ സാമൂഹിക പ്രതിബദ്ധതയും ശാസ്ത്രീയ സമീപനവും കൂട്ടിച്ചേർത്ത്, ജനകേന്ദ്രിതവും സ്ഥിരതയുള്ളതുമായ ആരോഗ്യ ഭാവി സൃഷ്ടിക്കുകയാണ് വിഷൻ 2031 ഫോർ ഹെൽത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

 

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ സംസാരിച്ചു. പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. പി.കെ. ജമീല മേഡറേറ്ററായി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, ഡോ. ബി. ഇക്ബാൽ, ഡോ. എംവി പിള്ള, ഡോ. സൗമ്യ സ്വാമിനാഥൻ, ഡോ. കല്യാണി രഘുനാഥൻ, ഡോ. ഷകുന്തള ഹരക്സിംഗ് തിൽസ്റ്റഡ്, ആഗസ്റ്റോ വിയാനാ ഡാ റോച്ച, ഡോ. വീണാ ശത്രഘ്ന, ഷാജി സജി വി എന്നിവരും സംസാരിച്ചു.