തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിനാണെന്നും ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകാന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പുമായി കെപിസിസി. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനും പാര്‍ട്ടി ഘടകത്തിനും ചേര്‍ന്നതല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
‘‘അത്തരം പ്രസ്താവനകള്‍ അച്ചടക്കലംഘനമായി പരിഗണിക്കും. യുഡിഎഫിന്റെ സീറ്റ് വിഭജനവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയവും നടത്തുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണ്. നേതാക്കള്‍ക്കോ വിവിധ പാര്‍ട്ടി ഘടകങ്ങള്‍ക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കില്‍ അതിന് നേതൃത്വത്തെ സമീപിക്കാം. മറിച്ച് പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കില്ല.’’ – സണ്ണി ജോസഫ് പറഞ്ഞു.
