Home » Blog » Kerala » ആരാധകരെ ഞെട്ടിച്ച് അമിതാഭ് ബച്ചന്റെ പുതിയ സുരക്ഷാ ക്രമീകരണം; ഗ്ലാസ് എൻക്ലോസറിൽ നിന്ന് കൈവീശി താരം
1793599772-2211

ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനെത്തിയത് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ. മുംബൈയിലെ പ്രശസ്തമായ വസതി ‘ജൽസ’യ്ക്ക് പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിന് ആരാധകരെ അഭിവാദ്യം ചെയ്യാൻ ഇത്തവണ താരം പ്രത്യക്ഷപ്പെട്ടത് പൂർണ്ണമായും സുതാര്യമായ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചത്തിനുള്ളിലാണ്. പതിവായി ഉയർന്ന പ്രത്യേക പ്ലാറ്റ്‌ഫോമിൽ നേരിട്ട് നിന്ന് കൈവീശി കാണിക്കാറുള്ള ബിഗ് ബി, ഇത്തവണ സുരക്ഷ മുൻനിർത്തിയാണ് ഗ്ലാസ് എൻക്ലോസറിൽ നിലയുറപ്പിച്ചത്. മകൻ അഭിഷേക് ബച്ചനും സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ബിഗ് ബിക്കൊപ്പമുണ്ടായിരുന്നു.

 

ബോളിവുഡ് താരങ്ങൾക്ക് നേരെയുണ്ടാകുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഈ കടുത്ത മുൻകരുതലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒക്ടോബറിൽ അമിതാഭ് ബച്ചന്റെ വസതി ഉൾപ്പെടെയുള്ള മുംബൈയിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടൻ ടൈഗർ ഷ്രോഫിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണശ്രമം ഉണ്ടായതും പ്രമുഖ താരങ്ങൾ അക്രമികളുടെ ലക്ഷ്യത്തിലുണ്ടെന്ന മുന്നറിയിപ്പുകളും സിനിമാ ലോകത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

 

സുരക്ഷാക്രമീകരണങ്ങൾ ഇരട്ടിയാക്കിയെങ്കിലും പ്രിയതാരത്തെ നേരിട്ട് കാണാൻ മണിക്കൂറുകളോളം കാത്തുനിന്ന ആരാധകക്കൂട്ടത്തെ നിരാശരാക്കാൻ ബിഗ് ബി തയ്യാറായില്ല. കനത്ത സുരക്ഷയ്ക്കിടയിലും പതിവുപോലെ കൈവീശിയും കൂപ്പുകൈകളോടെ വണങ്ങിയുമാണ് താരം ആരാധകരോടുള്ള സ്നേഹം പങ്കുവെച്ചത്. അതേസമയം, ബുള്ളറ്റ് പ്രൂഫ് എൻക്ലോസർ സ്ഥാപിച്ചത് മുംബൈ പൊലീസിന്റെ നിർദ്ദേശപ്രകാരമാണോ അതോ വ്യക്തിപരമായ തീരുമാനമാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *