മലപ്പുറം: കോൺഗ്രസിനുള്ളിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് യുഡിഎഫിൽ കൃത്യമായ കീഴ്വഴക്കമുണ്ടെന്നും അത് പാലിക്കപ്പെടുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നും ജനവികാരം കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ലീഗ് നേതൃയോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.
ജാതിയും മതവും നോക്കിയല്ല ലീഗ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. യുഡിഎഫിന് അനുകൂലമായ തരംഗമാണെങ്കിൽ ലീഗിന് കൂടുതൽ സീറ്റുകൾ ലഭിക്കും. അമിത ആത്മവിശ്വാസമില്ല, എന്നാൽ ജയസാധ്യതയിൽ നല്ല ഉറപ്പുണ്ട്. യുഡിഎഫിന് അനുകൂലമായ ഫലമാകും വരിക. മുഖ്യമന്ത്രി ചർച്ചകളിൽ ഇപ്പോൾ പങ്കെടുക്കേണ്ടതില്ലെന്നാണ് ലീഗ് തീരുമാനം. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. മന്ത്രിസ്ഥാനങ്ങൾ ചോദിച്ചു വാങ്ങുന്ന രീതിയല്ല ലീഗിനുള്ളത്.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന അപ്രഖ്യാപിത പവർ കട്ട് നേതൃയോഗത്തിൽ ചർച്ചയായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാൽപ്പാറ ദുരന്തത്തിൽപ്പെട്ടവരോട് സർക്കാർ കാണിക്കുന്ന അവഗണനയെയും ധനസഹായം നൽകാത്തതിനെയും പി.എം.എ. സലാം കുറ്റപ്പെടുത്തി. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
