നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കരുതൽ തടങ്കലിലാക്കി. പുന്നേക്കാടുള്ള ഒരു റിസോർട്ടിൽ വെച്ച് കോതമംഗലം പോലീസാണ് ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ എത്തിയതെന്നാണ് വിവരം. കസ്റ്റഡിയിലായവരിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
കോതമംഗലം സ്റ്റേഷൻ പരിധിയിൽ അർജുൻ ആയങ്കിയും സംഘവും എത്തിയതിന്റെ കൃത്യമായ ഉദ്ദേശ്യം പോലീസ് അന്വേഷിച്ചു വരികയാണ്. മുൻപ് ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുൻ ആയങ്കിയെ, ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം പുറത്തുവന്നതിനെത്തുടർന്ന് സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സിപിഎം അനുകൂല പ്രചാരണങ്ങൾ തുടർന്നും നടത്തിയിരുന്ന ഇയാൾ, ആ മറപറ്റി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു.
സ്വർണ്ണക്കടത്ത് ക്യാരിയർമാരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും സ്വർണ്ണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ സംഘത്തിലെ പ്രധാനിയാണ് ആയങ്കി. വിവിധ രാഷ്ട്രീയ സംഘർഷങ്ങളിലും ഇയാൾ പ്രതിസ്ഥാനത്തുണ്ട്. കൊച്ചിയിലെ ക്രിമിനൽ സംഘങ്ങളുമായുള്ള ഇയാളുടെ പുതിയ ബന്ധങ്ങളെക്കുറിച്ച് പോലീസ് ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. കരുതൽ തടങ്കലിലൂടെ വലിയൊരു ക്വട്ടേഷൻ നീക്കം തടയാൻ കഴിഞ്ഞതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ
