കണ്ണൂർ: ഫേസ്ബുക്കിൽ വെല്ലുവിളി ഉയർത്തുന്ന പോസ്റ്റുകൾ ഇട്ടത് താൻ തന്നെയാണെന്ന് പോലീസിന് മൊഴി നൽകി അർജുൻ ആയങ്കി. സ്വന്തം ഐഫോണിൽ നിന്നാണ് പോസ്റ്റുകൾ പങ്കുവെച്ചതെന്നും, ഇതിനായി പല സ്ഥലങ്ങളിലെ വൈഫൈ നെറ്റ്വർക്കുകളാണ് ഉപയോഗിച്ചതെന്നും ഇയാൾ മൊഴി നൽകി. ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റാരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ആയങ്കി വ്യക്തമാക്കി.
ഇതോടെ പോസ്റ്റിടാൻ ഉപയോഗിച്ച ഐഫോൺ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. കമ്മീഷണർ മുഖേന റിപ്പോർട്ട് ഉടൻ തന്നെ ജില്ലാ കളക്ടർക്ക് കൈമാറും.
