Home » Blog » Kerala » അയ്യപ്പന് പ്രചാരണം വേണ്ട; പുതിയ സംഗമങ്ങൾക്ക് പദ്ധതിയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
images (77)

തിരുവനന്തപുരം: ശബരിമല അയ്യപ്പസ്വാമിക്ക് പ്രത്യേകമായി പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും, ഇനി മുതൽ ‘അയ്യപ്പ സംഗമങ്ങൾ’ പോലുള്ള പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ശബരിമലയിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ചേർന്ന സ്പെഷ്യൽ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ശബരിമലയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, അത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി. വിജിലൻസ് സംവിധാനത്തെ ഉപയോഗപ്പെടുത്തി സുരക്ഷ ശക്തമാക്കാനും ക്രമക്കേടുകൾ ഒഴിവാക്കാനും ബോർഡ് പ്രത്യേക ശ്രദ്ധ ചെലുത്തും.

 

തീർഥാടനത്തെ പൂർണ്ണമായും സുതാര്യമാക്കാൻ ലക്ഷ്യമിട്ട് ശബരിമലയിലെ എല്ലാ ഇടപാടുകളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ്. വഴിപാട് ബുക്കിംഗ്, താമസ സൗകര്യങ്ങൾ തുടങ്ങി എല്ലാ സാമ്പത്തിക ഇടപാടുകളും ഇനി മുതൽ ഡിജിറ്റൽ പേയ്മെന്റ് വഴിയാകും. തീർഥാടകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സന്നിധാനത്തെ 608 മുറികളിൽ 550 എണ്ണവും ഓൺലൈൻ വഴി ബുക്ക് ചെയ്യാം. മുറികൾക്കായി നേരത്തെയുണ്ടായിരുന്ന ഡെപ്പോസിറ്റ് സമ്പ്രദായം പൂർണ്ണമായും ഒഴിവാക്കി, 50 രൂപയുടെ സർവീസ് ചാർജ് മാത്രമാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

 

തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പമ്പയിൽ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കൺട്രോൾ റൂം പ്രവർത്തനമാരംഭിക്കും. ഇതിലൂടെ സന്നിധാനത്തെയും പമ്പയിലെയും പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാൻ സാധിക്കും. നിലവിൽ 450 ക്യാമറകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും, തിരക്ക് നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാൻ എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ബോർഡ് ആലോചിക്കുന്നുണ്ട്. കൂടാതെ, മരാമത്ത് പണികളുടെ നിലവാരം പരിശോധിക്കാൻ വിദഗ്ധരടങ്ങുന്ന ടെക്നിക്കൽ ഓഡിറ്റ് ടീമിനെയും നിയോഗിക്കും.