Home » Blog » kerala Max » ‘അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല’ ; യുഎഇയിൽ അകപ്പെട്ട ഇന്ത്യക്കാർക്ക് രക്ഷകയായി 23 കാരി
3

ന്യൂഡൽഹി: യുഎസ്-ഇറാൻ യുദ്ധം ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാക്കവേ യുഎഇയിൽ കുടുങ്ങിയ 169 ഇന്ത്യൻ യാത്രക്കാരെ സ്വജീവൻ പണയംവച്ച് അതിസാഹസികമായി നാട്ടിലെത്തിച്ച് ഒരു യുവ വനിത പൈലറ്റ്. ഫരീദാബാദ് സ്വദേശിനിയായ 23-കാരി ദീപിക അധാനയാണ് ഈ രക്ഷാദൗത്യത്തിനായി മുന്നിട്ടറങ്ങിയത്. വിമാനം പറന്നുയരുന്നതിന് മുൻപ് ‘അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല” എന്ന് പറഞ്ഞായിരുന്നു ദീപികയുടെ യാത്ര.

മാർച്ച് 6-ന് രാവിലെ 10:15-നാണ് യുഎഇയിലെ റാസൽഖൈമയിലേക്ക് രക്ഷാദൗത്യത്തിന് പോകാനുള്ള നിർദ്ദേശം എയർ ഇന്ത്യ എക്സ്പ്രസ് ദീപികയ്ക്ക് നൽകിയത്. ശരിക്കും ദീപികയുടെ സുഹൃത്തിനായുന്നു ആദ്യം നറുക്കുവീണത്. എന്നാൽ, ഫ്ലൈറ്റിന്റെ യാത്രാസമയത്തിന് രണ്ട് മണിക്കൂർ മുൻപ് ദീപികയെ നിയോഗിക്കുകയായിരുന്നു. പൈലറ്റ് ദീപിക അധാനയ്ക്കൊപ്പം ക്യാപ്റ്റൻ ജസ്വീന്ദർ കൗറും നാല് വനിതാ ക്രൂ അംഗങ്ങളും ദൗത്യമേറ്റെടുത്തു. യുദ്ധസമാനമായ സാഹചര്യമായിരുന്നതിനാൽ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇവർ വിമാനം പറത്തിയത്.

ഉച്ചയ്ക്ക് 2 മണിയോടെ റാസൽഖൈമയിൽ വിമാനം ലാൻഡ് ചെയ്തു. പതിവിലും വിപരീതമായി വിമാനത്താവളം അതീവ ശാന്തമായിരുന്നുവെന്ന് ദീപിക പറയുന്നു. 3:30-ന് 169 യാത്രക്കാരുമായി വിമാനം ഡൽഹിയിലേക്ക് തിരിച്ചു. തിരികെ പറക്കുന്നതിനിടെ എയർ ട്രാഫിക് കൺട്രോളുമായുള്ള (ATC) ആശയവിനിമയം അല്പനേരത്തേക്ക് നഷ്ടപ്പെട്ടത് ക്രൂവിനെ ആശങ്കയിലാഴ്ത്തി. നെറ്റ്‌വർക്ക് തകരാർ കാരണമായിരുന്നു ഇത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ബന്ധം പുനഃസ്ഥാപിക്കാനായി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി വിമാനം ഇറങ്ങിയപ്പോൾ യാത്രക്കാർക്ക് ഇവരോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയും സ്നേഹവും ആയിരുന്നു.

ഫരീദാബാദിലെ തിഗാവ് സ്വദേശിനിയാണ് ദീപിക. മരിച്ചുപോയ തന്റെ മുത്തച്ഛൻ അമൃത് സിംഗ് അധാനയുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് ദീപിക പൈലറ്റ് കുപ്പായമണിഞ്ഞത്. ആർക്കിടെക്റ്റായ യോഗേഷ് അധാനയുടെയും ബാബ്ലി അധാനയുടെയും മകളായ ദീപിക, കോവിഡ് പ്രതിസന്ധിക്കിടയിലും കഠിനാധ്വാനം ചെയ്താണ് 2021-ൽ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (CPL) നേടിയത്. ഗ്രീസ്, ഇസ്താംബുൾ എന്നിവിടങ്ങളിൽ നിന്ന് എയർബസ് A320 വിമാനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ ​ദീപിക 2024 ഏപ്രിൽ മുതൽ എയർ ഇന്ത്യ എക്സ്പ്രസ്സി ഉണ്ട്.