ഈ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ പ്രകടനമെടുത്തുനോക്കിയാൽ രണ്ടാം ക്വാളിഫയർ വരെ അവർ കയറിക്കൂടിയത് വൈഭവ് സൂര്യവംശിയെന്ന 15 കാരന്റെ മികച്ച പ്രകടനത്തിലൂടെയാണെന്ന് നിസംശയം പറയാം. ‘ശരിക്കും ബാലവേലയെടുപ്പിച്ച് മറ്റുള്ളവർ കള്ളച്ചോറുണ്ട് കയറിക്കൂടി’. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിലും ഇതായിരുന്നു സ്ഥിതി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 214 റൺസ് നേടിയെങ്കിൽ, അതിൽ 96 റൺസും പിറന്നത് വൈഭവിന്റെ ബാറ്റിൽ നിന്നാണ്. ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെയും (96) രവീന്ദ്ര ജഡേജ (45*) ഡൊണോവൻ ഫെറേയ്‌റ (38*) റൺസിന്റെയും മികവിലാണ് രാജസ്ഥാൻ 214ൽ എത്തിയത്. വൈഭവ് 8 ഫോറും 7 സിക്‌സും അടക്കമാണ് 96 റൺസ് നേടിയത്. വൈഭവിന്റെ മികവിനെ പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് രാജസ്ഥാൻ നായകൻ റിയാൻ പരാഗ്.
“വൈഭവിന്റെ ഇന്നിങ്‌സ് നിങ്ങൾ നോക്കു, അവൻ ഓരോ ഷോട്ടുകളും കാൽകുലേറ്റ് ചെയ്താണ് കളിക്കുന്നത്. അവൻ അവന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. കൂടാതെ രാജസ്ഥാന് വേണ്ടി അടുത്ത ഐപിഎൽ കിരീടം നേടി തരുമെന്ന വിശ്വാസവും എനിക്കുണ്ട്.” – റിയാൻ പരാഗ് പറഞ്ഞു.
