Home » Blog » kerala Max » അപ്പാർട്ട്‌മെന്റിൽ മോഷണം; കോഴിക്കോട് രണ്ട് പ്രതികൾ പിടിയിൽ
police-1-680x450

കോഴിക്കോട്: തടമ്പാട്ടുത്താഴത്തെ അപ്പാർട്ട്‌മെന്റിൽ മോഷണം നടത്തിയ കേസിൽ രണ്ട് യുവാക്കളെ ചേവായൂർ പോലീസ് പിടികൂടി. കാരപ്പറമ്പ് സ്വദേശി നൗഫൽ (30), കുന്ദമംഗലം സ്വദേശി ഷാമിൽ മുഹമ്മദ് (30) എന്നിവരാണ് പിടിയിലായത്. അപ്പാർട്ട്‌മെന്റിലെ താമസക്കാരി നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

ഏപ്രിൽ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. അപ്പാർട്ട്‌മെന്റിൽ നിന്ന് മൂന്ന് തബലകളും വിലകൂടിയ ചെരിപ്പുകളുമാണ് ഇവർ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെയും അവർ സഞ്ചരിച്ച വാഹനത്തെയും പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് ഷാമിലിനെയും നൗഫലിനെയും പോലീസ് പിടികൂടിയത്. പ്രതികളിൽ ഒരാളായ നൗഫൽ നേരത്തെയും ലഹരി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ചേവായൂർ ഇൻസ്‌പെക്ടർ മഹേഷ് പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മോഷ്ടിച്ച മുതലുകൾ കണ്ടെത്താനുള്ള നടപടികൾ പോലീസ് സ്വീകരിച്ചുവരികയാണ്.