കൊച്ചി: കുടലിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്ന ഗുരുതരമായ രോഗാവസ്ഥയിൽ നിന്ന് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ രോഗിക്ക് ആശ്വാസം പകർന്ന് അപ്പോളോ അഡ്ലക്സ് ആശുപത്രി. മിസെന്ററിക് ഇസ്കീമിയ (Acute Mesenteric Ischemia) എന്ന രോഗാവസ്ഥയ്ക്ക് ചികിത്സ തേടിയ അബ്ദുൾ റഹ്മാൻ എന്ന രോഗിക്കാണ് രണ്ട് സങ്കീർണ ശസ്ത്രക്രിയകളിലൂടെ പുതുജീവൻ നൽകിയത്.
കടുത്ത വയറുവേദനയെ തുടർന്നാണ് രോഗിയെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടലിലേക്കുള്ള പ്രധാന ധമനിയിൽ ഗുരുതരമായ തടസ്സം കണ്ടെത്തിയത്. ഇതുമൂലം ചെറുകുടലിന്റെ ഭൂരിഭാഗവും നശിച്ചിരുന്നു.
രോഗത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം കൺസൾട്ടന്റായ ഡോ. കാർത്തിക് കുൽശ്രേസ്തയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അടിയന്തര ശസ്ത്രക്രിയക്ക് നിർദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ നശിച്ച ഭാഗം നീക്കം ചെയ്യുകയും, അവശേഷിച്ച 50-60 സെന്റീമീറ്റർ വരുന്ന ആരോഗ്യകരമായ ചെറുകുടൽ വിദഗ്ധമായി സംരക്ഷിക്കുകയും ചെയ്തു.
ചെറുകുടലിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടതിനാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യാൻ രോഗിക്ക് സാധിക്കുമായിരുന്നില്ല. ഈ പ്രതിസന്ധി മറികടക്കാൻ പ്രത്യേക പോഷകചികിത്സ (Intestinal Rehabilitation) ആരംഭിച്ചു. കുടലിന് വിശ്രമം നൽകുന്നതിനായി താൽക്കാലികമായി വയറ്റിൽ ‘സ്റ്റോമ’ (Stoma – കൃത്രിമമായി ഉണ്ടാക്കുന്ന ദ്വാരം) നിർമ്മിച്ചു. തുടർന്ന് വിവിധ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം ‘ഹോം പാരന്ററൽ ന്യൂട്രിഷൻ’ (Home Parenteral Nutrition – HPN) ചികിത്സ ലഭ്യമാക്കി. ഇതിലൂടെ രോഗിക്ക് വീട്ടിൽവെച്ചുതന്നെ സിരകളിലൂടെ പൂർണ്ണ പോഷണം നൽകാൻ സാധിച്ചു. ഇതോടൊപ്പം ‘ബൈൽ റീഫീഡിംഗ്’ (Bile Refeeding) എന്ന പ്രത്യേക ചികിത്സാരീതിയും നടപ്പിലാക്കി. ഈ രീതിയിലൂടെ ദഹനരസങ്ങൾ വീണ്ടും അവശേഷിക്കുന്ന കുടലിലേക്ക് എത്തിച്ച് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ജലാംശവും ആരോഗ്യനിലയും നിലനിർത്തുകയും ചെയ്തു.
“ചെറുകുടലിന്റെ ഇത്രയും വലിയ ഭാഗം നഷ്ടപ്പെടുന്ന രോഗികളെ ചികിത്സിക്കുക എന്നത് അതീവ സങ്കീർണമായ പ്രക്രിയയാണ്. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ ഏകോപിതമായ പ്രവർത്തനവും കൃത്യമായ പോഷകപരിചരണവും കുടൽ പുനരധിവാസ ചികിത്സയും കൊണ്ടാണ് രോഗിയുടെ കുടലിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാനും അദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും കഴിഞ്ഞത്,” ഡോ. കാർത്തിക് കുൽശ്രേസ്ത പറഞ്ഞു.
രോഗിയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് രണ്ടാംഘട്ട ശസ്ത്രക്രിയ വിജയകരമായി നടത്തി താൽക്കാലിക സ്റ്റോമ നീക്കം ചെയ്യുകയും, അവശേഷിച്ച ചെറുകുടലിനെ വൻകുടലുമായി വീണ്ടും ബന്ധിപ്പിക്കുകയും ചെയ്തു. തുടർന്ന് രോഗി ആരോഗ്യകരമായ ഭാരം വീണ്ടെടുക്കുകയും സാധാരണ ഭക്ഷണക്രമത്തിലേക്കും ദൈനംദിന ജീവിതത്തിലേക്കും മടങ്ങുകയും ചെയ്തു. സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. സോനു സെബാസ്റ്റ്യൻ, ജനറൽ സർജൻ ഡോ. വിനയ് രാമചന്ദ്രൻ എന്നിവരും ചികിത്സയുടെ ഭാഗമായി.
