മലയാളത്തിൽ ‘പ്രണയകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ശേഷം തമിഴ്, തെലുങ്ക് ഭാഷകളിൽ ശ്രദ്ധേയനായ നടനാണ് അജ്മൽ അമീർ. തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രം ‘മംഗളവാരം’ സിനിമയിലെ തൻ്റെ കഥാപാത്രത്തെക്കുറിച്ചും അതിലെ വെല്ലുവിളികളെക്കുറിച്ചും സംസാരിക്കവെയാണ് അജ്മൽ അമീർ തുറന്നുപറച്ചിലുകൾ നടത്തിയത്. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ താൻ ആദ്യം മടിച്ചിരുന്നുവെന്നും, ‘സ്മൂച്ചിംഗ് സീനുകൾ’ ചെയ്യാൻ കഴിയില്ലെന്ന് സംവിധായകനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
‘മംഗളവാരം’ പോലുള്ള ഒരു കഥാപാത്രം കരിയറിൻ്റെ തുടക്കത്തിൽ ചെയ്യേണ്ടി വന്നിരുന്നെങ്കിൽ താൻ ഒരുപക്ഷേ ആലോചിക്കുമായിരുന്നു. എന്നാൽ, ഇന്ന് പ്രേക്ഷകർക്ക് സിനിമയുടെ എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. ഈ സിനിമയിലെ ഇന്റിമേറ്റ് സീനുകൾ വളരെ ക്ലാസ്സി ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും, കാണുമ്പോൾ മോശം തോന്നില്ലെന്നും അജ്മൽ പറഞ്ഞു. കൂടെ അഭിനയിച്ച ആർട്ടിസ്റ്റ് നല്ല സുഹൃത്തായിരുന്നത് രംഗങ്ങൾ ചെയ്യുന്നതിൽ സഹായകമായി. ഒരു നടൻ എന്ന നിലയിൽ ഇത്തരം സിനിമകളെ പിന്തുണയ്ക്കേണ്ടത് തൻ്റെയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയധികം മലയാളികൾ ചിത്രം കാണുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്നും അജ്മൽ പറഞ്ഞു.
സിനിമ ഹിറ്റായതിന് പിന്നാലെ, നിങ്ങൾ എന്തിനാണ് ഈ സിനിമ ചെയ്തത് എന്ന് ചോദിച്ചുകൊണ്ട് തെലുങ്കിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇത് ചെറിയ ചിന്താഗതി ഉള്ള ആളുകളുടെ പ്രതികരണമാണെന്നും, താൻ അത് കാര്യമാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മംഗളവാരം തന്നെ വേറെ ഒരു തലത്തിലേക്ക് എത്തിച്ചു. ആ രംഗം പിന്നീട് വേറെ രീതിയിൽ ഷൂട്ട് ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം ഓർത്തെടുത്തു.
