അധിനിവേശ സസ്യങ്ങളുടെ വ്യാപനം തടയുന്നതിന് ജില്ലയിൽ പദ്ധതി നടപ്പാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അധിനിവേശ സസ്യങ്ങളുടെ വ്യാപനം തടയുന്നതിന് ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികളെ വിന്യസിച്ച് പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിച്ച ശില്പശാല ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. നമ്മുടെ പരിസ്ഥിതിക്ക് ഭീഷണിയായ അധിനിവേശ ജീവജാലങ്ങളുടെ നിർമ്മാർജ്ജനത്തിനായി കർശന നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിക്കുന്നത്. വേമ്പനാട് കായൽ ശുചീകരണ പദ്ധതി മികച്ച രീതിയിലാണ് ജില്ല മുന്നോട്ടു കൊണ്ടുപോകുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ വലിയ പിന്തുണയാണ് നൽകുന്നത്. പദ്ധതി കൂടുതൽ ഫലപ്രദമാക്കുന്നതിന് പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടർനടപടിയിലേക്ക് കടക്കുന്നതോടെ കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ വേമ്പനാട് കായൽ ശുചീകരണത്തിൽ നടത്താൻ സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

‘അധിനിവേശ ജീവജാലങ്ങളുടെ നിർമ്മാർജ്ജനം’ എന്ന വിഷയത്തിൽ നടന്ന ശില്പശാലയിൽ കേരളത്തിന്റെ ഭൂപ്രകൃതിയിൽനിന്ന് അധിനിവേശ ജീവജാലങ്ങളെ ഫലപ്രദമായി ഉന്മൂലനം ചെയ്യാനുള്ള വിവിധ ആശയങ്ങളും അഭിപ്രായങ്ങളും ചർച്ചയായി.
ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷനായി. തകഴി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പ്രകാശനവും വയലാർ ഗ്രാമപഞ്ചായത്ത് പ്രാദേശികതല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതി പ്രകാശനവും ജില്ലാ കളക്ടർ നിർവഹിച്ചു. കായല്‍കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ ജി പത്മകുമാർ, ആലപ്പുഴ എസ്ഡി കോളേജ് സുവോളജി വിഭാഗം മേധാവിയും ജലവിഭവ ഗവേഷണ കേന്ദ്രം മേധാവിയുമായ ഡോ. ജി നാഗേന്ദ്ര പ്രഭു, എസ്ഡി കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജോസ് മാത്യു എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം വി പ്രിയ, അഡ്വ. ടി എസ് താഹ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, കായംകുളം ഒ.ആർ.എ.ആർ.എസ്. മേധാവി ഡോ. വി മിനി, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ശ്രുതി ജോസ്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *