അതിദാരിദ്ര്യമുക്ത സംസ്ഥാനമായി നാളെ കേരളത്തെ പ്രഖ്യാപിക്കുന്നതിലൂടെ സംസ്ഥാനം ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഈ മഹത്തായ നേട്ടം കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും വലിയ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുകയാണ്. ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഈ മുന്നേറ്റത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഈ നേട്ടത്തിന് പിന്നിൽ തദ്ദേശ സ്ഥാപനങ്ങളുടെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാത്ത പ്രവർത്തനം നിർണായകമായിരുന്നു. സർക്കാരിന് മാത്രമല്ല, ഓരോ തദ്ദേശ സ്ഥാപനത്തിനും നാളത്തെ ദിവസം അഭിമാന നിമിഷമാണെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ ഉയരുന്ന വിമർശനങ്ങളോടും, ഈ നേട്ടത്തിൻ്റെ ‘ക്രെഡിറ്റ് മോദി ഗവൺമെൻ്റിനാണ്’ എന്ന പ്രസ്താവനയോടും മന്ത്രി രൂക്ഷമായി പ്രതികരിച്ചു. “അങ്ങനെയാണെങ്കിൽ ഇന്ത്യയെ മുഴുവൻ അതിദാരിദ്ര്യമുക്തമാക്കി ക്രെഡിറ്റ് അവർ ഏറ്റെടുക്കാൻ തയ്യാറാകണം,” മന്ത്രി പറഞ്ഞു. ഇനി ഇത് നടപ്പാക്കാൻ 27 സംസ്ഥാനങ്ങളുണ്ട്. അതുകൂടി നടപ്പാക്കിയ ശേഷം ബി.ജെ.പി. ക്രെഡിറ്റ് ഏറ്റെടുക്കണം എന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.
