കണ്ണൂർ കോർപറേഷൻ മേയറായി അഡ്വ. പി. ഇന്ദിര ചുമതലയേറ്റു. ജില്ലയിലെ എട്ട് നഗരസഭകളിലും തിരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്‌സൺമാരും ഡെപ്യൂട്ടി ചെയർപേഴ്‌സൺമാരും ചുമതലയേറ്റു.
56 അംഗ കോർപറേഷൻ കൗൺസിലിൽ 36 വോട്ടുകളാണ് പയ്യാമ്പലം വാർഡിൽ നിന്നുള്ള യു.ഡി.എഫ് കൗൺസിലറായ അഡ്വ. പി. ഇന്ദിര നേടിയത്. എൽ.ഡി.എഫ് മേയർ സ്ഥാനാർഥി വി.കെ. പ്രകാശിനിക്ക് 15 വോട്ടുകളാണ് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർഥി അഡ്വ. അർച്ചന വണ്ടിച്ചാൽ നാല് വോട്ടുകളും നേടി. ആർക്കും വോട്ട് രേഖപ്പെടുത്താതിരുന്നതിനാൽ ഒരു ബാലറ്റ് അസാധുവായി. ഉച്ചക്ക് ശേഷം യു.ഡി.എഫിലെ കെ.പി. താഹിർ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
കോർപറേഷൻ കൗൺസിൽ ഹാളിൽ തിരഞ്ഞെടുപ്പ് വരണാധികാരി ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ നേതൃത്വത്തിലായിരുന്നു മേയർ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ. തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും നടപടിക്രമങ്ങൾ ജില്ലാ കലക്ടർ കൗൺസിലിനെ വായിച്ചു കേൾപ്പിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയത്. തുടർന്ന് മുന്നണികൾ മേയർ സ്ഥാനാർഥികളെ നാമനിർദ്ദേശം ചെയ്തു. ഇതിനനുസരിച്ച് ബാലറ്റ് തയ്യാറാക്കി കൗൺസിലർമാർക്ക് വാർഡ് ക്രമത്തിൽ നൽകി. കൗൺസിലർമാർ ഓരോരുത്തരായി വോട്ട് ചെയ്ത് ബാലറ്റുപെട്ടിയിൽ നിക്ഷേപിച്ചു. വോട്ടിങ് പ്രക്രിയ പൂർത്തിയായതോടെ ഓരോ മുന്നണികളുടെയും പ്രതിനിധികളുടെ സാനിധ്യത്തിൽ പെട്ടി തുറന്ന് ബാലറ്റുകൾ തരംതിരിച്ചു ശേഷം വോട്ടെണ്ണി. ഏറ്റവും കൂടുതൽ വോട്ട് നേടിയ അഡ്വ. പി. ഇന്ദിര കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ ജില്ലാകലക്ടർ പ്രഖ്യാപിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിൽ സത്യപ്രതിജ്ഞ ചൊല്ലി അഡ്വ. പി. ഇന്ദിര മേയറായി ചുമതലയേറ്റു. കലക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഡെപ്യൂട്ടി മേയറർ തിരഞ്ഞെടുപ്പിൽ 35 വോട്ടാണ് വാരം വാർഡ് കൗൺസിലറായ കെ.പി. താഹിർ നേടിയത്. എൽ.ഡി.എഫ് മേയർ സ്ഥാനാർഥി കെ.പി.അനിൽകുമാറിന് 15 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി എ.കെ. മജേഷിന് നാലു വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി. ഒരംഗം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
നഗരസഭകളിലെ ചെയർപേഴ്‌സൺമാരും ഡെപ്യൂട്ടി ചെയർപേഴ്‌സൺമാരും എന്ന ക്രമത്തിൽ ചുവടെ.
കൂത്തുപറമ്പ്-വി ഷിജിത്ത്, എം.വി ശ്രീജ (എൽ.ഡി.എഫ്), ആന്തൂർ-വി സതീദേവി, പാച്ചേനി വിനോദ് (എൽ.ഡി.എഫ്), ശ്രീകണ്ഠാപുരം-അഡ്വ. ഇ. വി രാമകൃഷ്ണൻ, നിഷിത റഹ്‌മാൻ (യു.ഡി.എഫ്), ഇരിട്ടി-വി വിനോദ് കുമാർ, കെ. സോയ (എൽ.ഡി.എഫ്), തളിപ്പറമ്പ്-പി.കെ സുബൈർ, ദീപ രഞ്ജിത്ത് (യു.ഡി.എഫ്), പയ്യന്നൂർ-അഡ്വ. സരിൻ ശശി, പി. ശ്യാമള (എൽ.ഡി.എഫ്), പാനൂർ- കൂടത്തിൽ നൗഷത്ത് ടീച്ചർ, ടി.എം ബാബു മാസ്റ്റർ (യു.ഡി.എഫ്), തലശ്ശേരി-കാരായി ചന്ദ്രശേഖരൻ, വി. സതി (എൽ.ഡി.എഫ്) എന്നിവരാണ് ചുമതലയേറ്റത്.
