പാലക്കാട്: ബിജെപി നേതാവും പാലക്കാട് നിയമസഭാ മണ്ഡലം സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലെ ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്.
നിശ്ശബ്ദ പ്രചാരണദിനമായ ഏപ്രിൽ 8നു കണ്ണാടി തരുവക്കുറിശിയിൽ എൻഡിഎ സ്ഥാനാർഥിക്കായി വോട്ടർക്ക് 5,000 രൂപ നൽകിയെന്നു കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് സ്ഥലത്തെത്തി വോട്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. ശോഭയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ വിവാദം ബിജെപിക്ക് തിരിച്ചടിയായി. ഈ വിവാദത്തിൽ ബിന്ദുവിനു പങ്കുണ്ടെന്നാണ് ശോഭ ആരോപിക്കുന്നത്.
നിങ്ങൾ ബിജെപി പ്രവർത്തക അല്ലേ? എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദു ആണെന്ന് ആരോപിക്കുന്ന ശോഭ, അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്നാണ് ഫോൺ സന്ദേശത്തിൽ പറയുന്നത്. വോട്ടർക്ക് പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ റജിസ്ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്.
