Your Image Description Your Image Description

സിനിമാപ്രേമികൾ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാന്താര ചാപ്റ്റർ 1’. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി എത്തുന്ന ഈ പ്രീക്വൽ ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. എങ്കിലും, ഇതിന് മുമ്പ് വന്ന ‘കാന്താര’യുടെ (ആദ്യ ഭാഗം) യഥാർത്ഥ ബജറ്റ് വെറും 14 കോടി രൂപയായിരുന്നു എന്ന് റിഷബ് ഷെട്ടി വെളിപ്പെടുത്തി. തൻ്റെ കരിയറിലെ ആദ്യത്തെ ‘ബിഗ് ബജറ്റ്’ ചിത്രം അതായിരുന്നുവെന്നും റിഷബ് ഷെട്ടി പറഞ്ഞു.

സിനിമയുടെ വമ്പൻ കളക്ഷൻ (450 കോടിയിലധികം) കണ്ട ശേഷമാണ് പലരും അതിനെ ‘ചെറിയ ബജറ്റ് ചിത്രം’ എന്ന് വിശേഷിപ്പിച്ചത്. എന്നാൽ തങ്ങൾക്ക് അതൊരു വലിയ പ്രോജക്ട് തന്നെയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘കാന്താര ചാപ്റ്റർ 1’ൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു റിഷബ് ഷെട്ടിയുടെ ഈ പ്രതികരണം.

‘ബോക്സ് ഓഫീസിലെ നമ്പർ ഗെയിം എന്നെ ഒട്ടും ആകർഷിക്കുന്നില്ല. എന്നാൽ, ‘കാന്താര’യുടെ ആദ്യ ഭാഗം എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരുന്നു. നായകനായും സംവിധായകനായും ഇതിന് മുമ്പ് ഞാൻ പ്രവർത്തിച്ചിരുന്ന ചിത്രങ്ങളുടെ ബജറ്റ് പരമാവധി മൂന്നര-നാല് കോടി മാത്രമായിരുന്നു. അതുകൊണ്ട് തന്നെ, 14-15 കോടി ബജറ്റിൽ ‘കാന്താര’ ഒരുക്കിയപ്പോൾ എനിക്ക് വലിയ സമ്മർദ്ദമുണ്ടായിരുന്നു’, റിഷബ് ഷെട്ടി പറഞ്ഞു.

‘സിനിമയുടെ റിലീസിന് ശേഷം എല്ലാവരും ‘ഇതൊരു ചെറിയ ബജറ്റ് സിനിമയാണ്’ എന്നാണ് പറഞ്ഞിരുന്നത്. കാരണം, അത് ബോക്സ് ഓഫീസിൽ നേടിയ 400-450 കോടി രൂപയുടെ കളക്ഷൻ അത്ര വലുതായിരുന്നു. ആ കളക്ഷൻ വെച്ചാണ് അവർ കാന്താരയെ ചെറിയ ചിത്രമായി കണ്ടത്. പക്ഷേ എനിക്ക് ആ സമയത്ത് വലിയ ടെൻഷനുണ്ടായിരുന്നു’, റിഷബ് ഷെട്ടി കൂട്ടിച്ചേർത്തു.

Related Posts