Your Image Description Your Image Description

കൊച്ചി: താരസംഘടനയായ എഎംഎംഎയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ ബാബുരാജിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ തെരഞ്ഞെടുപ്പ് തന്ത്രമായാണ് താന്‍ കാണുന്നതെന്ന് മാലാ പാര്‍വതി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഉഷ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്‍വതി രംഗത്തെത്തിയത്. വിഷയത്തില്‍ താന്‍ നടത്തിയ ഇടപെടലിന്റെ സ്‌ക്രീന്‍ഷോട്ടടക്കം പങ്കുവെച്ചാണ് മാലാ പാര്‍വതിയുടെ കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

 

അമ്മയിലെ ഇലക്ഷനും, അതിനോട് അനുബന്ധിച്ച് നടക്കുന്ന വിവാദങ്ങളും മാധ്യമങ്ങളില്‍, ശ്രദ്ധ നേടുകയാണ്.
മെമ്മറി കാര്‍ഡാണ് ,പുതിയ വിവാദം. അമ്മയുടെ വാര്‍ത്തകള്‍ ,ദിവസേന എന്ന രീതിയില്‍ നല്‍കുന്ന ഒരു യൂ ട്യൂബര്‍ പറഞ്ഞാണ് ആദ്യം ഇതിനെ കുറിച്ച് കേള്‍ക്കുന്നത്. പിന്നെ ഉഷ ഹസീന.. ഹോളി ഡേ ഇന്നില്‍ നടന്ന മീറ്റിംഗിനെ കുറിച്ച് പറയുകയുണ്ടായി. വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ പലരെയും വിളിച്ച് വിഷയം തിരക്കി. 12 പേര് ചേര്‍ന്ന യോഗം വീഡിയോ ചിത്രീകരിച്ചിതിന്റെയും, പിന്നീട് മെമ്മറി കാര്‍ഡ് കാണാതായതിനെ കുറിച്ചും, കുക്കു പരമേശ്വരന്‍ അതെടുത്ത് വച്ചേക്കുകയാണ് എന്ന ആരോപണവും കേട്ടു.അന്ന് executive കമ്മിറ്റിയിലോ, സബ് കമ്മിറ്റിയിലോ ഇല്ലാത്ത കുക്കു, ഭാരവാഹികള്‍ പറഞ്ഞിട്ട് സഹായിക്കാനായെത്തിയതല്ലാതെ, വേറെ ബന്ധമില്ല എന്ന് കുക്കു പറഞ്ഞു.
2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇത് ഉന്നയിച്ച് കേട്ടിട്ടില്ല. IC അംഗമായി ചുമതലയെടുത്ത ചുരുങ്ങിയ നാളുകളിലും ,ഇന്ന് പരാതി ഉന്നയിക്കുന്നവര്‍, ഈ വിഷയം ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല. മാത്രമല്ല കഴിഞ്ഞ വര്‍ഷം ,കുക്കു ഇലക്ഷന് നിന്നപ്പോള്‍, കുക്കുവിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ,ഉഷ ഹസീന മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു. ഹേമ കമ്മിറ്റിയിലോ, ഹേമമമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്തോ ഇങ്ങനെ ഒരു പ്രശ്‌നം മാധ്യമങ്ങളില്‍ കണ്ടതുമില്ല.അങ്ങനെയുള്ള സാഹചര്യത്തില്‍ ,ബാബുരാജിനെ പ്രകീര്‍ത്തിച്ച് കൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും ,പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ, ഇലക്ഷനുമായി ബന്ധപ്പെട്ട തന്ത്രമായാണ് ഞാന്‍ കാണുന്നത്.
എനിക്കെതിരെ വലിയ ആരോപണങ്ങളാണ് പൊന്നമ്മ ബാബു പറയുന്നത്. ഞാനിതില്‍ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് ,ആരെയൊക്കെയോ ഇടപെടുത്തി എന്ന്. ഞാന്‍ അതിശയിക്കുകയാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട ഉഷ ഹസീനയ്ക്ക് ഞാന്‍ ദിവ്യ ഐയ്യര്‍ IAS റെയും ,മെറിന്‍ ജോസഫ് IPS -ന്റെയും നമ്പറുകള്‍ ഷെയര്‍ ചെയ്ത് കൊടുക്കുകയാണ് ചെയ്തത്. ഇങ്ങനെ ഒരു വിഷയം നടക്കുന്നു എന്ന് അധികാരികളെ അറിയിക്കുകയും ചെയ്തു. അറിയിച്ചിട്ടുണ്ട് എന്ന് പൊന്നമ്മ ബാബുവിന് വോയിസ് നോട്ടും ഇട്ടു. അതവര്‍ പറയും എന്ന് പ്രതീക്ഷ എനിക്കില്ല.Screen Shot ഷെയര്‍ ചെയ്യാം.
ബാബുരാജ് ഇലക്ഷന് നില്‍ക്കരുത്, എന്ന് പറഞ്ഞത് വ്യക്തിപരമായിരുന്നില്ല. ആരോപണ വിധേയര്‍ ഇലക്ഷനില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. നാമ നിര്‍ദേശിക പിന്‍വലിച്ച് അദ്ദേഹം ഇട്ട പോസ്റ്റിനെ, യൂ ട്യൂബര്‍ വ്യാഖ്യാനിച്ച് പറഞ്ഞതില്‍ പണി വരുന്നുണ്ട് എന്ന് വ്യക്തമാണ്.ശക്തര്‍ക്കെതിരെ നില്‍ക്കുമ്പോള്‍ അത് സ്വാഭാവികയുമാണ്. ഇനി വരാനിരിക്കുന്ന വലിയ അറ്റാക്കുകളുടെ മുന്നോടി ആയാണ് ഞാന്‍ ഈ അറ്റാക്കുകളെ കാണുന്നത്.
നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയുന്ന, ചോറുണ്ണുന്ന മലയാളികള്‍ ഈ നാട്ടിലെ ജനങ്ങളെ വിശ്വാസമുണ്ട്. വരുന്ന വിഷയങ്ങള്‍, അറിയുന്ന മുറയ്ക്ക് മറുപടി പറഞ്ഞ് ഞാന്‍ ഇവിടെ ഉണ്ടാകും.
അമ്മയുടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ,പല പ്രശ്‌നങ്ങളും തുടങ്ങുന്നത്. അത് ഇവിടെ വിശദീകരിക്കുന്നില്ല. മറുനാടന്‍ മലയാളിയില്‍, ശ്രീ സാജന്‍ സ്‌ക്കറിയ ഒരു വീഡിയോ ചെയ്തത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്.അത് കൊണ്ട് അത് വിടുന്നു.

Related Posts