Your Image Description Your Image Description

ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ തിരിച്ചടിയായി സൗദി അറേബ്യയുടെ പുതിയ തീരുമാനം. ഇന്ത്യ, പാകിസ്ഥാൻ, നൈജീരിയ തുടങ്ങിയ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ‘ബ്ലോക്ക് വർക്ക് വിസ’ നൽകുന്നതാണ് സൗദി താൽക്കാലികമായി നിർത്തിവെച്ചത്.
രാജ്യത്തെ വിവിധ കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ റിക്രൂട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന വിസകളിൽ ഒന്നാണിത്. ഹജ്ജ് സീസൺ കണക്കിലെടുത്ത് 2025 ജൂൺ അവസാനം വരെ ഈ തീരുമാനം തുടരുമെന്നാണ് വിവരം. സൗദി മാനവവിഭവശേഷി, സാമൂഹ്യ വികസന മന്ത്രാലയമാണ് ബ്ലോക്ക് വിസ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനമെടുത്തത്. പുതിയ തീരുമാനം പ്രാബല്യത്തിലായതോടെ തൊഴിലാളികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇത് വിവിധ കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്.

വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സംവിധാനം ലേബർ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘ക്വൈവ’യിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. വിസയ്ക്ക് വിലക്കേർപ്പെടുത്തിയ 14 രാജ്യങ്ങളിൽ നിന്ന് കമ്പനികൾക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ ഇപ്പോൾ സാധിക്കില്ല. നേരത്തെ അനുവദിച്ച വിസകൾ പ്രോസസ് ചെയ്യാൻ ഇനി കാലതാമസമെടുത്തേക്കാം. സൗദിയുടെ പുതിയ തീരുമാനം കെട്ടിട നിർമ്മാണ മേഖലയിൽ കനത്ത തിരിച്ചടിക്ക് കാരണമായേക്കാം. ഈ 14 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ ഏറ്റവും കൂടുതൽ ജോലി നോക്കുന്ന മേഖലകളിൽ ഒന്നാണിത്.നിലവിൽ അപേക്ഷിച്ച ‘വർക്ക് വിസ’ ലഭിക്കാൻ കാലതാമസമെടുത്തേക്കും. ചിലപ്പോൾ വിസ നിരസിക്കാനും സാദ്ധ്യതയുണ്ട്.

അതേസമയം, സൗദി അറേബ്യയിൽ ഇതുവരെ പ്രവേശിച്ചിട്ടില്ലാത്ത സാധുവായ തൊഴിൽ വിസയുള്ള വ്യക്തികൾക്ക് അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാനും സാദ്ധ്യതയുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നൈജീരിയ, ഈജിപ്ത്, അൾജീരിയ, സുഡാൻ, എത്യോപ്യ, ടുണീഷ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, യെമൻ, മൊറോക്കോ എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഇപ്പോൾ വിസ നിഷേധിച്ചിരിക്കുന്നത്. സ്വദേശിവൽക്കരണത്തിന്റെ ഭാഗമാണ് പുതിയ നടപടിയെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Related Posts