Your Image Description Your Image Description

എല്ലാ ഹൈസ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി എന്ന ആശയം ഏറെ പ്രശംസനീയമാണെന്നും ഇത് മുഴുവൻ മണ്ഡലങ്ങളിലും നടപ്പാക്കാൻ ശ്രമിക്കണമെന്നും നിയമസഭ സ്പീക്കർ എ.എൻ ഷംസീർ. വൈപ്പിൻ മണ്ഡലത്തിലെ മുഴുവൻ ഹൈസ്കൂളുകളിലും ആരംഭിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇൻ്റർനെറ്റിൻ്റെ സഹായം പൂർണമായും ജനങ്ങളിലേക്ക് എത്തിച്ച് കൊണ്ടാണ് ഇ-ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്. ഈ സംവിധാനം കൃത്യമായി വിനിയോഗിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. സ്വഭാവ രൂപീകരണത്തിൻ്റെ കാലഘട്ടമാണിത്. സമൂഹത്തിലെ തെറ്റായ ശീലങ്ങളുടെ പുറകേ പോകാതെ നല്ല രീതിയിൽ വായിക്കാനും പഠിക്കാനും ശ്രദ്ധിക്കണം. കുട്ടികളിൽ നല്ല സ്വഭാവം രൂപീകരിക്കാൻ സാധിച്ചാൽ അത് എക്കാലത്തും നിലനിൽക്കും.

സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായ ഈ കാലത്ത് വെർച്വൽ ലോകത്തെ ചതിക്കുഴികൾ മനസിലാക്കാൻ കഴിയണം. ഫോൺ, ടാബ്ലറ്റ്, കംപ്യൂട്ടർ എന്നിവയിലെ സ്ക്രീൻ ടൈം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പഠിച്ച് മിടുക്കരാകുക എന്നതിനൊപ്പം നല്ല മനുഷ്യനും നല്ല പൗരനും ആകണം.

സ്കൂളുകളിൽ അക്കാദമിക വിഷയങ്ങൾക്കൊപ്പം ഭരണഘടന കൂടി പഠിപ്പിക്കാൻ ശ്രമിക്കണമെന്നും സ്പീക്കർ പറഞ്ഞു. ഏതൊരു ഇന്ത്യൻ പൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനുംപ്രചരിപ്പിക്കാനുമുള്ള അവകാശം ഉണ്ട്. പക്ഷേ ഇതിനെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശാസ്ത്രത്തെ ഐതിഹ്യങ്ങൾ കൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന കാലത്ത് കുട്ടികളിൽ യുക്തിബോധവും വിമർശന ചിന്തയും വളർത്തേണ്ടതുണ്ട്.

എല്ലാ സ്കൂളുകളിലും ഇ-ലൈബ്രറി എന്ന നൂതന ആശയത്തിന് പിന്നിൽ പ്രവർത്തിച്ച കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എക്കും ബി.പി.സി.എൽ അധികൃതർക്കും അനുമോദനങ്ങൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പള്ളിപ്പോർട്ട് സെൻ്റ് മേരീസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബിൻ കളത്തിൽ മുഖ്യാതിഥിയായി. 2025-ലെ ഗ്രീൻ ഫിനാൻസ് ഹബ്ബ് അന്താരാഷ്ട്ര ഫെലോഷിപ്പ് ജേതാവ് ജിതാ ജോണി, സാംസ്കാരിക പ്രവർത്തകനായ ഭാസ്കരൻ അയ്യമ്പിള്ളി എന്നിവരെ ആദരിച്ചു.

Related Posts