Your Image Description Your Image Description

കുവൈത്ത്: വീട്ടുജോലിക്കാരിയെ മാരകമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ദമ്പതികളെ കുവൈത്ത് ക്രിമിനൽ കോടതി തൂക്കിലേറ്റാൻ വിധിച്ചു. ജഡ്ജി അബ്ദുൾവഹാബ് അൽ മുഐലിയാണ് വധശിക്ഷക്ക് വിധിച്ചത്. നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ, വടികൊണ്ട് ആവർത്തിച്ചുള്ള ആക്രമണം, വൈദ്യസഹായം നിഷേധിക്കൽ, നിർബന്ധിത ജോലി ചെയ്യിപ്പിക്കൽ എന്നിവ ചെയ്ത ദമ്പതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

കൊടും പീഡനമാണ് വീട്ടുജോലിക്കാരിയ്ക്ക് നേരിടേണ്ടി വന്നത്. വീട്ടുജോലിക്കാരിയെ ആവർത്തിച്ചുള്ള മർദനത്തിനും ദുരുപയോഗത്തിനും വിധേയനാക്കിയെന്നും അത് മരണത്തിലേക്ക് നയിച്ചതായും പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തി. അന്വേഷണത്തിനിടെ ദമ്പതികളെ നേരത്തെ 21 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തിരുന്നു.

പിന്നീട് കുവൈത്ത് നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായ മുൻകൂട്ടി നിശ്ചയിച്ച കൊലപാതകത്തിന് ഔദ്യോഗികമായി കുറ്റം ചുമത്തിയ ശേഷം സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിന്‍റെ വിചാരണയില്‍ ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വീട്ടുജോലിക്കാർക്കെതിരായ അക്രമവും ദുരുപയോഗവും സംബന്ധിച്ച കേസുകളിൽ കുവൈത്തി ജുഡീഷ്യറി കൈകാര്യം ചെയ്യുന്നതിന്റെ ഗൗരവം വിധി അടിവരയിടുന്നു.

Related Posts