Your Image Description Your Image Description

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്. അപകടത്തിൽ പരിക്കേറ്റ 100-ഓളം പേർക്ക് 2 ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.

ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്ന് വ്യക്തമാക്കിയ വിജയ്, തന്റെ ഹൃദയം വേദന നിറഞ്ഞതാണെന്ന് കുറിച്ചു. “എന്റെ ഹൃദയം സഹിക്കുന്ന വേദന പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല. എന്റെ കണ്ണുകളും മനസ്സും ദുഃഖത്താൽ മൂടപ്പെട്ടിരിക്കുന്നു,” അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ടവരുടെ വേർപാട് താങ്ങാനാവാത്ത നഷ്ടമാണെന്നും, ഈ ദുഃഖത്തിൽ കുടുംബാംഗങ്ങളോടൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഈ തുക ഒരു ആശ്വാസമാകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും, എങ്കിലും ഒരു കുടുംബാംഗമെന്ന നിലയിൽ ഇത് തന്റെ കടമയാണെന്നും വിജയ് വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കണമെന്ന് പ്രാർത്ഥിക്കുന്നതായും, ആവശ്യമായ എല്ലാ സഹായവും ടിവികെ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. നേരത്തെ, തമിഴ്‌നാട് സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

Related Posts