Your Image Description Your Image Description

ബോളിവുഡിൽ ഷാരൂഖ് ഖാന്റെ ശബ്ദം എന്നറിയപ്പെട്ട ​ഗായകനാണ് അഭിജിത് ഭട്ടാചാര്യ. ഒരുകാലത്ത് ഷാരൂഖ് ഖാനുവേണ്ടി സ്ഥിരം ​ഗാനങ്ങളാലപിക്കുകയും അവയൊക്കെ ഹിറ്റുകളുമാക്കിയ ​ഗായകനാണ് അദ്ദേഹം. എന്നാൽ അടുത്തിടെ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഷാരൂഖിനെക്കുറിച്ചും അദ്ദേഹത്തിന് വേണ്ടി പാടിയ പാട്ടുകളെക്കുറിച്ചുമുള്ള അഭിജിത്തിന്റെ പരാമർശം ശ്രദ്ധ നേടുകയാണ്.

ഷാരൂഖുമായി അഭിജിത്തിനുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. തങ്ങൾ ശബ്ദം കൊണ്ട് ഇരട്ടകളെപ്പോലെയായിരുന്നുവെന്നാണ് ഇതിന് ​ഗായകൻ നൽകിയ ഉത്തരം. ആ പാട്ടുകളൊന്നും തന്റെതല്ലെന്ന് ഇപ്പോൾ മനസിലായെന്നും അഭിജിത് പറഞ്ഞു. “ഷാരൂഖ് ആണ് ഈ പാട്ടുകളെല്ലാം പാടിയത്. അദ്ദേഹമാണ് അതെല്ലാം ചിട്ടപ്പെടുത്തിയത്. ആ സിനിമകളെല്ലാം ഉണ്ടാക്കിയതും അതെല്ലാം ക്യാമറയിൽ പകർത്തിയതുമെല്ലാം ഷാരൂഖ് ആണ്. എല്ലാം ഷാരൂഖ് തന്നെ. എനിക്കെന്ത് ചെയ്യാൻ പറ്റും? ആളുകൾ പറയുന്നത് ഇത് ഷാരൂഖിന്റെ പാട്ടെന്നാണ്. അതൊന്നും എന്റേതല്ലെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എല്ലാം അദ്ദേഹംതന്നെ. ഞാൻ പിന്നെ എന്താണ്? ചൽത്തേ ചൽത്തേ ഒരു ശരാശരി ചിത്രമായിരുന്നു, പാട്ടുകൾ മാത്രമേ ഹിറ്റായുള്ളൂ, പക്ഷേ എന്ത് ചെയ്യാൻ കഴിയും.” അഭിജിത് പരിഹാസ രൂപേണ ചോദിച്ചു.

ബോളിവുഡിലും മറ്റ് ഭാഷകളിലുമായി ആയിരത്തിലേറെ ​ഗാനങ്ങൾ ആലപിച്ച ​ഗായകനാണ് അഭിജിത് ഭട്ടാചാര്യ. ഫിലിം ഫെയർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സറാ സ ഝൂം ലും മേം, വാദാ രഹാ സനം, തോബാ തുമാരേ, ഖുദ് കോ ക്യാ സമഝ്തി ഹേ, ബാദ്ഷാ ഓ ബാദ്ഷാ തുടങ്ങി നിരവധി ​ഗാനങ്ങൾ അദ്ദേഹം ഷാരൂഖ് ഖാനുവേണ്ടി ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts