Home » Blog » Top News » ഹൈവേ കവര്‍ച്ചാ ആസൂത്രണം: എട്ട് പേര്‍ പിടിയില്‍
images (59)

ദേശീയപാത കേന്ദ്രീകരിച്ച് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട എട്ടംഗ ക്രിമിനല്‍ സംഘത്തെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടി. മെഡിക്കല്‍ കോളേജിന് സമീപം ഹൈവേ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ എത്തിയ ഇന്നോവ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചതോടെയാണ് കവര്‍ച്ചാ പദ്ധതി പുറത്തായത്. ഈ വാഹനത്തില്‍ നിന്ന് അഴിച്ചുമാറ്റിയ നിലയില്‍ ഒന്നിലധികം വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ പൊലീസ് കണ്ടെടുത്തു. കാറിലുണ്ടായിരുന്ന മാഹിന്‍ (40, എറണാകുളം), സഞ്ജയ് (25, എറണാകുളം), ബിജു (42, എറണാകുളം), അഖില്‍ ബാബു (32, എറണാകുളം) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചതോടെയാണ് മറ്റൊരു സംഘം കൂടി കവര്‍ച്ചയ്ക്കായി ഹൈവേയിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഹുണ്ടായി വെന്യൂ കാര്‍ പൊലീസ് കണ്ടെത്തി. ഈ വാഹനത്തിലും സ്‌പെയര്‍ നമ്പര്‍ പ്ലേറ്റുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കാറിലുണ്ടായിരുന്ന രഞ്ജിത് (31, ആലപ്പുഴ), അന്‍ഷാദ് (36, ആലപ്പുഴ), ദീക്ഷിത് (23, പാലക്കാട്), അനീഷ് കുമാര്‍ (32, പാലക്കാട്) എന്നിവരെയും പൊലീസ് പിടികൂടി . ഹൈവേയില്‍ കവര്‍ച്ച നടത്താന്‍ സംഘം ചേര്‍ന്ന് ആസൂത്രണം ചെയ്തു എന്ന കുറ്റത്തിനാണ് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്ക് മുന്‍പ് സമാനമായ കേസുകളില്‍ പങ്കുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.