രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ഡൽഹി ചാവേർ കാർ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ. ഉമർ ഉൻ നബിയുടെ ഭൂതകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമ്പോൾ ഞെട്ടലിലാണ് അന്വേഷണ ഏജൻസികളും പൊതുസമൂഹവും. സ്ഫോടനത്തിന് മുൻപ് ജമ്മു കശ്മീരിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ (ജിഎംസി) സേവനമനുഷ്ഠിക്കുമ്പോൾ തന്നെ ഉമർ തീവ്രവാദപരമായ ചിന്താഗതിയും അതിക്രമിച്ചുകയറുന്ന സ്വഭാവവും പ്രകടിപ്പിച്ചിരുന്നുവെന്ന് എൻ.ഡി.ടി.വി. അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. ഒരു ഡോക്ടറിൽ നിന്ന് ചാവേർ ആക്രമണകാരിയിലേക്കുള്ള ഈ പരിവർത്തനം, ഉമർ പ്രവർത്തിച്ചിരുന്ന മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് പോലും ആദ്യകാല സൂചനകൾ നൽകിയിരുന്നുവെന്നതാണ് ഗൗരവതരം.
അനന്ത്നാഗിലെ ജി.എം.സി.യിൽ ജോലി ചെയ്തിരുന്ന സമയത്ത് ഉമർ സ്ത്രീകളായ രോഗികളോടും സഹപ്രവർത്തകരോടും കാണിച്ച പെരുമാറ്റരീതിയാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത്. ഉമറിനൊപ്പം പ്രവർത്തിച്ചവരുടെ മൊഴിയനുസരിച്ച്, ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ അദ്ദേഹം സ്ത്രീകളെ “പ്രശ്നക്കാരികൾ” എന്ന് കണക്കാക്കിയിരുന്നു.
മതപരമായ ആചാരങ്ങളിൽ നിന്നുള്ള ചെറിയ വ്യതിയാനം പോലും ശത്രുതയുടെ ലക്ഷണമായി അദ്ദേഹം കണ്ടിരുന്നു. ഉമറിന്റെ ഈ തീവ്രമായ വീക്ഷണങ്ങളും വിശ്വാസത്തിൻ്റെ കർക്കശമായ വ്യാഖ്യാനവും നിരവധി ജീവനക്കാരും രോഗികളും ശ്രദ്ധിച്ചിരുന്നു.
ക്ലാസ് മുറികളിൽ പോലും ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിക്കണമെന്ന് ഉമർ വാദിച്ചിരുന്നു. ഇത് അദ്ദേഹത്തിൻ്റെ കടുത്ത സമീപനം വെളിവാക്കുന്നതായിരുന്നുവെന്ന് സഹപ്രവർത്തകർ ഓർമ്മിക്കുന്നു.
ഈ ചോദ്യങ്ങൾ പ്രൊഫഷണൽ മര്യാദകൾ ലംഘിക്കുന്നതും അതിക്രമിച്ചു കയറുന്നതുമാണെന്ന് ഒരുപിടി രോഗികൾ ജി.എം.സി. ഭരണകൂടത്തിന് ഔപചാരികമായി പരാതി നൽകിയിരുന്നു. പരാതികളെത്തുടർന്ന് ജി.എം.സി. ഭരണകൂടം ഒടുവിൽ ഉമറിന്റെ സേവനം അവസാനിപ്പിച്ചു. പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ഫരീദാബാദിലേക്ക് താമസം മാറുകയും തുടർന്നാണ് അൽ-ഫലാഹ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേരുന്നത്.
