ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ചാലും മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വെച്ച് നടക്കേണ്ടിയിരുന്ന ഇവരുടെ വിവാഹം മാറ്റിവെക്കേണ്ടി വന്നു. വിവാഹദിനം പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ സ്മൃതിയുടെ അച്ഛന് ഹൃദയാഘാതം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിലാവുകയും ചെയ്തതാണ് വിവാഹം മാറ്റിവെക്കാൻ കാരണം.
ഇതിനുപിന്നാലെ, പ്രതിശ്രുത വരനായ പലാഷ് മുച്ചാലിനെയും അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത പുറത്തുവന്നു. വൈറൽ അണുബാധയും ദഹനപ്രക്രിയ ശരിയാവാത്തതുമാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. എങ്കിലും, അദ്ദേഹത്തിന് ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പലാഷിനെ ഡിസ്ചാർജ് ചെയ്തതായും നിലവിൽ മുംബൈയിൽ വിശ്രമിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
വിവാഹം മാറ്റിവെച്ചതിനെ തുടർന്ന് പലാഷ് മുച്ചാൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇത് അദ്ദേഹത്തിന്റെ ശാരീരിക ആരോഗ്യത്തെ മോശമായി ബാധിച്ചതായി അമ്മ അമിത മുച്ചാൽ സ്ഥിരീകരിച്ചു. കടുത്ത സമ്മർദ്ദമുണ്ടായിരുന്നിട്ടും അദ്ദേഹം ഇപ്പോൾ മുംബൈയിൽ തിരിച്ചെത്തി വിശ്രമിക്കുകയാണ്. അതേസമയം, അടുത്തിടെ ഇന്ത്യൻ വനിതാ ഏകദിന ലോകകപ്പ് നേടിയ മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലെ പിച്ചിൽ വെച്ച് പലാഷ്, സ്മൃതിയെ ഔദ്യോഗികമായി പ്രപ്പോസ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. കണ്ണുകെട്ടി കൈപിടിച്ച് പിച്ചിലേക്ക് കൊണ്ടുവന്ന ശേഷം മുട്ടുകുത്തി നിന്നാണ് അദ്ദേഹം സ്മൃതിയെ പ്രപ്പോസ് ചെയ്തത്.
