ലോകമെമ്പാടുമുള്ള ആരാധകർ ആകാംഷയോടെ കാത്തിരുന്ന ‘സ്‌ട്രേഞ്ചർ തിങ്‌സ്’ സീരീസിൻ്റെ അഞ്ചാമത്തെയും അവസാനത്തെയും സീസൺ പുറത്തിറങ്ങിയതിന് പിന്നാലെ നെറ്റ്ഫ്ലിക്സ് സെർവർ തകരാറിലായി. അവസാന സീസൺ കാണാനായി ഒരേ സമയം ലക്ഷക്കണക്കിന് ആളുകൾ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ചതാണ് ഈ സാങ്കേതിക തകരാറിന് കാരണമായത്. ഷോയുടെ സയൻസ് ഫിക്ഷൻ പ്രമേയത്തിന് അനുയോജ്യമായ ഒരു ‘ട്വിസ്റ്റ്’ പോലെയാണ് ഈ സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മിനിറ്റുകൾക്കുള്ളിൽ 14,000-ത്തിലധികം റിപ്പോർട്ടുകൾ
അവസാന സീരീസിലെ ആദ്യ എപ്പിസോഡുകൾ റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ കാഴ്ചക്കാർക്ക് ഫോണുകളിലും ടിവികളിലും സ്ട്രീമിംഗ് തടസ്സം നേരിട്ടു. യു.എസിൽ മാത്രം 14,000-ത്തിലധികം പേരാണ് നെറ്റ്ഫ്ലിക്സ് സേവനങ്ങൾക്ക് തടസ്സമുണ്ടായതായി റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ ആരാധകരും സ്ട്രീമിംഗ് തടസ്സപ്പെടുന്നതായും കണക്ഷൻ പിശകുകൾ കാണിക്കുന്നതായും അറിയിച്ചു. ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ വന്ന സമയത്ത് ഇന്ത്യയിൽ നിന്ന് മാത്രം 200-ഓളം പരാതികൾ ലഭിച്ചു.
നെറ്റ്ഫ്ലിക്സിന്റെ പ്രതികരണം
സാങ്കേതിക തകരാറിനെ തുടർന്ന് റോയിട്ടേഴ്സിന് അയച്ച ഇമെയിൽ മറുപടിയിൽ നെറ്റ്ഫ്ലിക്സ് പ്രശ്നം സ്ഥിരീകരിച്ചു. “ചില വരിക്കാർക്ക് ടിവികളിൽ സ്ട്രീമിംഗ് ചെയ്യുന്നതിൽ താൽക്കാലികമായി പ്രശ്നം നേരിട്ടു. എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ എല്ലാ അക്കൗണ്ടുകൾക്കും സേവനം പുനഃസ്ഥാപിച്ചു,” നെറ്റ്ഫ്ലിക്സ് പ്രസ്താവനയിൽ അറിയിച്ചു.
