Home » Blog » Top News » സ്കൂൾ ഉച്ചഭക്ഷണം കുട്ടികളുടെ മൗലിക അവകാശമാണ്: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർ പേഴ്സൺ.
images (75)

സ്കൂൾ ഉച്ചഭക്ഷണം കുട്ടികളുടെ മൗലിക അവകാശമാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർ പേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ വിവിധ ഉപജില്ലകളിലെ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്ന വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർക്കും ഉച്ച ഭക്ഷണത്തിന്റെ (നൂൺമീൽ) ചുമതലയുള്ള അധ്യാപകർക്കും വേണ്ടി സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യഭദ്രതാ നിയമവും, ബന്ധപ്പെട്ട പദ്ധതികളും നല്ല രീതിയിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയും വളരെ മികച്ച രീതിയിലാണ് സംസ്ഥാനത്ത് നടന്നുവരുന്നത്. അതിന് നേതൃത്വം നൽകുന്ന അധ്യാപകരെ അനുമോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശില്പശാലയിൽ, കമ്മീഷൻ അധ്യാപകരോട് സംവദിക്കുകയും ഉച്ചഭക്ഷണ പദ്ധതി നിർവഹണം കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ തേടുകയും ചെയ്തു.

തൃക്കാക്കര മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയുടെ ചുമതലയുള്ള കമ്മീഷൻ അംഗം അഡ്വ.കെ.എൻ സുഗതൻ അധ്യക്ഷനായി. കമ്മീഷൻ അംഗം വി.രമേശൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കമ്മീഷൻ അംഗങ്ങളായ ഷീല വിജയകുമാർ, മുരുകേഷ് ചെറുനാലി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ നൂൺ മീൽ സൂപ്പർവൈസർ ഷഹനാസ്, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.