ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 6.30 നും 7 മണിക്കും ഇടയിൽ മരേഡുമില്ലി മണ്ഡലിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് (എസ്.പി) അമിത് ബർദാർ സ്ഥിരീകരിച്ചു.
പോലീസ് വകുപ്പിന്റെ വിവിധ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് എസ്.പി. അറിയിച്ചു.
മാദ്വി ഹിദ്മ കൊല്ലപ്പെട്ടതായി സൂചന
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ മാവോയിസ്റ്റ് നേതാവ് മാദ്വി ഹിദ്മയും ഉൾപ്പെടുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കുമെതിരെ കുറഞ്ഞത് 26 സായുധ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ കൊടും ഭീകരനാണ് ഹിദ്മ.
നിരവധി വലിയ മാവോയിസ്റ്റ് ആക്രമണങ്ങളിൽ പങ്കുള്ളയാളാണ് ഹിദ്മ. 2010-ൽ ദന്തേവാഡയിൽ 76 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണം, 2013-ൽ ഝിറാം ഘാട്ടിയിൽ 27 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം എന്നിവയിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
