സുരക്ഷാ പരിശോധനയ്ക്കിടെ വിമാനത്താവളത്തിലെ വാഹനത്തിലുണ്ടായിരുന്ന പൊതിയിൽ ‘ബോംബ്’ എന്ന് പറഞ്ഞ ഡ്രൈവർ അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിന്റെ ഗേറ്റ് നമ്പർ 10-ൽ വെച്ചാണ് കോഴിക്കോട് വടകര സ്വദേശിയായ സുജിത്ത് (44) ആണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സി.ഐ.എസ്.എഫ്.) പരാതിയെ തുടർന്ന് വലിയതുറ പോലീസിന്റെ പിടിയിലായത്.
എയർപോർട്ടിലെ ഒരു സ്വകാര്യ കരാർ കമ്പനിയുടെ ജീവനക്കാരനായ സുജിത്ത് വിമാനത്താവളത്തിലെ അഴുക്കുചാൽ മാലിന്യം ശേഖരിക്കുന്ന വാഹനവുമായാണ് പരിശോധനക്കായി എത്തിയത്. വാഹനത്തിലുണ്ടായിരുന്ന, പഴങ്ങൾ നിറച്ച ഒരു പൊതി ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെ ഇയാൾ ‘ബനാന ഈസ് നോട്ട് എ ബോംബ്’എന്ന് ഉദ്യോഗസ്ഥരോട് പറയുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിശദമായി നടത്തിയ പരിശോധനയിൽ വാഹനത്തിൽ ബോംബുകളോ അപകടകരമായ വസ്തുക്കളോ കണ്ടെത്താനായില്ല. എങ്കിലും, ‘ബോംബ്’ എന്ന വാക്ക് ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്കയും പരിഭ്രാന്തിയും ഉണ്ടാക്കിയതിന് സുജിത്തിനെ തടഞ്ഞുവയ്ക്കുകയും വലിയതുറ പോലീസിന് കൈമാറുകയും ചെയ്തു.
