മഹേഷ് ബാബുവിനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത സിനിമയാണ് 1: നേനൊക്കഡൈനെ. ഒരു സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാൽ ഇന്ന് ഒരു കൾട്ട് ക്ലാസിക് സിനിമയായി ആഘോഷിക്കപ്പെടുന്ന സിനിമയാണ് ഇത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് നിർമാതാവ് രാം അചന്ത.
ഇന്ന് ആയിരുന്നു ഇറങ്ങിയതെങ്കിലും ആ ചിത്രം പരാജയപ്പെടുമായിരുന്നു. സിനിമയുടെ ടീസറിലും ട്രൈലറിലും സിനിമയുടെ പ്രധാന കഥ എന്താണെന്ന് കാണിക്കാതെ ഇരുന്നതാണ് ഞങ്ങൾ കാണിച്ച തെറ്റ്. അതാണ് സിനിമയുടെ പരാജയകാരണം. ആ സിനിമയെ ഒരു ഹോളിവുഡ് സ്റ്റൈൽ ചിത്രമായും ജെയിംസ് ബോണ്ട് പോലത്തെ ടൈപ്പ് സിനിമയായും അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. എന്നാൽ ടീസറും ട്രെയ്ലറും വഴി എന്താണ് സിനിമയെന്നുള്ള കൃത്യമായ ഐഡിയ പ്രേക്ഷകർക്ക് നൽകണമായിരുന്നു’, നിർമാതാവിന്റെ വാക്കുകൾ.
കൃതി സനോൺ, നാസർ, അനു ഹസൻ തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്. മോശം പ്രതികരണമാണ് റിലീസ് സമയത്ത് സിനിമയ്ക്ക് ലഭിച്ചതെങ്കിലും പിന്നീട് ഈ ചിത്രത്തിന് വലിയ ആരാധകരുണ്ടായി. മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് ഇന്ന് 1: നേനൊക്കഡൈനെ കണക്കാക്കപ്പെടുന്നത്. സുകുമാർ, ജെറമി സിമ്മർമാൻ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.60–70 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം ആ സമയത്തെ ഏറ്റവും ചെലവേറിയ തെലുങ്ക് ചിത്രമായിരുന്നു. സിനിമയിലെ മഹേഷ് ബാബുവിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു.
