മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ പുനര്‍നിര്‍മിച്ച ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ഇ.എം.എസ്. റോഡ് ന്യൂനപക്ഷക്ഷേമ- കായിക- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. താനൂർ മണ്ഡലത്തിൽ വിവിധ മേഖലകളിലായുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിൽ ഗ്രാമീണ റോഡുകൾ ലക്ഷ്യം വെക്കുക എന്നതാണ് പ്രധാനകാര്യം. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ 638 റോഡുകളാണ് ഗ്രാമപഞ്ചായത്തുകളുടെ കീഴിൽ നവീകരിക്കാൻ സാധിച്ചത്. അതിൽ ഒരു റോഡുമാത്രമാണ് ചെറിയമുണ്ടത്തെ ഇ. എം.എസ്. റോഡ്.ഏകദേശം 300 കോടി രൂപയാണ് വികസന പ്രവർത്തനങ്ങൾക്കായി ചെറിയമുണ്ടം പഞ്ചായത്തിനുവേണ്ടി നിയോഗിച്ചിട്ടുള്ളത്. സ്കൂൾ കെട്ടിടങ്ങൾ,പാലങ്ങൾ,നഴ്സിങ് കോളേജ് തുടങ്ങിയവ ഇതില്‍ ഉൾപ്പെടുന്നു.തുടക്കം കുറിച്ച എല്ലാ പദ്ധതികളും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇ.എം.എസ്. റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പരിപാടിയിൽ ജനപ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു.
